2010 ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച

അഞ്ച്, പകര്‍ച്ചകളും തന്മയത്വങ്ങളും

പകർച്ചകളും തന്മയത്വങ്ങളും

ഏതെങ്കിലുമൊരു സുപ്രഭാതത്തിൽ പൊട്ടിവീണതോ ഒരു സമഗ്ര സഞ്ചിതരൂപമായി അവതരിച്ചതോ അല്ല ഇസ്ലാമിക കല. കാലനൈരന്തര്യത്തിനിടെ, ഊർജ്ജിതവും മൂല്യവത്തുമായ അന്വേഷണ-ഗവേഷണ-വീണ്ടുവെപ്പുകളിലൂടെ ഉടലെടുത്തതാണിത്‌. അവതരണപശ്ചാത്തലത്തിലെ സമൂഹം നാഗരികതയുമായി ഇതിന്‌ ബന്ധമുണ്ട്‌. ഒരുപക്ഷേ, കാഴ്ചയിലും വിഗഹവീക്ഷണത്തിലും അവയുടെ ബാഹ്യസൗഷ്ടവം പ്രതിഫലിക്കുകയും ചെയ്തേക്കാം. പക്ഷേ, ആത്മാവിന്റെ പുനഃപ്രവേശനമാണിവിടെ നടക്കുന്നത്‌. അതിഭൗതികതയുടെ ഊർജ്ജം സന്നിവേശിപ്പിക്കപ്പെടുകയാണ്‌. അഥവാ, ചില കാര്യകാരണങ്ങൾക്കധീനമായാണ്‌ ഇസ്ലാമിക കല രൂപപ്പെടുന്നത്‌.

പൈതൃകം കണക്കെ കാലികമായി മുന്നിട്ടുനിന്നിരുന്ന സസാനിയൻ-ബൈസാന്തിയൻ കല ഇസ്ലാമിനെ നല്ല പോലെ സ്വധീനിച്ചിട്ടുണ്ട്‌. മുഖ്യമായും നിർമാണത്തിലും ശൈലിയിലുമാണിവ. പക്ഷേ, മുമ്പിൽ വന്നുപെട്ട അടിക്കല്ലായതിനാലും ഈ അനുകരണം ആദർശവിരുദ്ധമല്ല എന്നതാണ്‌ വസ്തുത.

പള്ളിയുടെ രൂപം, താഴികക്കുടങ്ങൾ, മിനാരങ്ങൾ തുടങ്ങിയവയിലാണ്‌ പൊതുവെ ഇസ്ലാമിലെ ഇതരസ്വാധീനങ്ങൾ ദൃശ്യമാകുന്നത്‌. സസാനിയൻ തലസ്ഥാനമായ ഡെസിഫോണിലെ കൊട്ടാരമാണ്‌ മറ്റൊന്ന്‌. ഇത്‌ പിൽക്കാല മുസ്ലിം നിർമാണകലയെ ആഴത്തിൽ ബാധിക്കുകയുണ്ടായി. അബ്ബാസീഭരണകാലത്തുതന്നെ അതിനോട്‌ താദാമ്യം പ്രാപിക്കുന്ന ഒരു രൂപം മുസ്ലിം ലോകത്ത്‌ നിലവിൽ വന്നു(1). മനോഹരമായി സംവിധാനിച്ച ഓപ്പൺ റൂമുകളും കാര്യസ്ഥ ചർച്ചക്ക്‌ അനുയുക്തമായ ഓർഡിനൻസ്‌ ഹാളും അവിടെയുണ്ടായിരുന്നു. ഇത്‌ ഡെസിഫോൺ പാലസിൽ അന്നത്തെ അജയ്യശക്തികളായ റോം, ചൈന, തുർക്കി അധീശാപതികൾക്ക്‌ വിശ്രമിക്കാനായിരുന്നു സ്ഥാപിതമായത്‌. കാരണം, ടൈഗ്രീസ്‌ തീരത്തെ ഈ സൗധം അത്രമാത്രം ആസ്വാദകരമായിരുന്നു. വ്യക്തമായി പറഞ്ഞാൽ അമവീകാലത്തുതന്നെ ഇതിന്റെ അനുരൂപം മുസ്ലിം ലോകത്ത്‌ പ്രകടമായി. ജോർദാനിലെ അമ്മാനിൽ എട്ടാം നൂറ്റാണ്ടിന്റെ ആദ്യപാതി(2)യിൽ നിർമിതമായിരുന്നു ഇത്‌. ആദ്യരൂപം പോലെ ഇതിലും ആറ്‌ ഭൂപാലകർക്ക്‌ ഇരിക്കാനുള്ള സ്ഥലം സജ്ജീകൃതമായിരുന്നു. ഡെസിഫോണിലെ ചുമർചിത്രങ്ങളും പിൽക്കാലത്ത്‌ പലയിടങ്ങളിലായി അനുകരിക്കപ്പെട്ടു. ചെറുതും വലുതുമായ പല മാറ്റങ്ങളുണ്ടായിരുന്നുവെങ്കിലും മൗലിക രൂപമായി ഇത്‌ പ്രതിഫലിക്കുന്നുണ്ടാകും. ഡെസിഫോൺ പാലസിലെ സിംഹാസനത്തിനു മുകളിൽ തൂങ്ങിക്കിടക്കുന്ന സ്വർണക്കിരീടമാണ്‌ മുസ്ലിം കലാകാരന്മാരെ ആകർഷിച്ച മറ്റൊന്ന്‌. ഇതിന്റെ ഫോട്ടോകോപ്പി കാണാൻ ചരിത്രത്തിൽ അധികമൊന്നും അന്വേഷിച്ചുപോവേണ്ട ആവശ്യമില്ല. അവമീരാജകുമാരൻ വലീദ്‌ തന്റെ ഖിർബതുൽ മഫ്ജർ കൊട്ടാരത്തിന്റെ മ്യൂസിക്‌ ഗാലറിയിൽ ഇത്‌ സംവിധാനിച്ചിട്ടുണ്ട്‌.

വാസ്തുശിൽപം കൊണ്ടും കൊത്തുപണികൾ കൊണ്ടും നിറഞ്ഞുനിൽക്കുന്ന ഡെസിഫോൺ പാലസ്‌ മുസ്ലിം ശിൽപികളെ ഇത്രയും സ്വാധീനിക്കാൻ പല കാരണങ്ങളുണ്ട്‌. വിശിഷ്യാ, ഇതിന്റെ ഇസ്ലാമീകരണം തന്നെയാണ്‌. അഥവാ 637 ൽ സൈദുബ്നു അബീവഖ്ഖാസ്വിന്റെ നേതൃത്വത്തിൽ ഒരുജ്ജ്വല സൈന്യം യസ്ദർജ്‌ മൂന്നാമനെ പരാജയപ്പെടുത്തി ഡെസിഫോൺ ചേമ്പർ കീഴടക്കുകയുണ്ടായി. കലയെ സ്നേഹിച്ചിരുന്ന വിശ്വാസികൾ നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന്‌ പകരം ചുമർചിത്രങ്ങൾ പോലും മായ്ച്ചുകളയാതെ പിന്നീടതിനെ ഒരു മുസ്ലിം ആരാധനലായമാക്കി മാറ്റുകയായിരുന്നു. കാലാന്തരേണ കടന്നുവന്ന മുസ്ലിം കലാകാരന്മാർ ഈ രൂപമാണ്‌ ദർശിക്കുന്നത്‌. ആത്മികത മുറ്റുന്ന ഇതിനെ പിന്നീടവർ ഒരു മാതൃകാഗേഹമായി സ്വീകരിക്കുകയായിരുന്നു.

അതുകൊണ്ടുതന്നെ പിൽക്കാല കവിതയിലും സാഹിത്യത്തിലും ഈ കലാരൂപത്തിൽ പരാമർശം ധാരാളമായി വന്നു. സുപ്രസിദ്ധ കവികളായ ശരീഫ്‌ മുർതളാ (1044) യുടെയും അൽബുഹ്തൂരിയുടെയും വരികൾ ശ്രദ്ധേയമാണ്‌.
ഇങ്ങനെ അമവീ-അബ്ബാസീ കാലം ബൈസാന്തിയൻ-സസാനിയൻ കലയുടെ ഘട്ടമായിരുന്നു. അബ്ബാസീ ആസ്ഥാനം സമാറയിലെ ജൗസാഖുൽ ഖാഖാനി പാലസ്‌ ഇതിന്റെ മറ്റൊരു മുഖമാണ്‌. സസാനിയൻ ശൈലിയിലെ കൊത്തുപണികളും ചുമർചിത്രങ്ങളുമാണ്‌ ഇതിനെ വ്യതിരിക്തമാക്കുന്നത്‌. 13-​‍ാം നൂറ്റാണ്ടിൽ ഡമസ്കസിൽ പ്രചാരത്തിൽ വന്ന അലംകൃത സുഗന്ധദ്രവ്യ പാത്രങ്ങളാണ്‌ മറ്റൊരു രൂപം. സിൽവർ-കോപ്പർ മിശ്രിത രൂപങ്ങളായ ഇവ സംവിധാനിച്ചിരുന്നത്‌ മുസ്ലിം ശിൽപിയായ മുഹമ്മദുബ്നു ഖുതുലുഖ്‌ അൽമൗസിലിയായിരുന്നു. ഒരു കെട്ടിടത്തിന്റെയും പള്ളിയുടെയും മാതൃകകൾ നിഴലിക്കുന്ന ഇതിൽ സസാനിയൻ സ്വാധീനം പ്രകടമാണ്‌. ഹിജ്‌റ 7-8 നൂറ്റാണ്ടുകളിൽ ഇറാനിയും മധ്യേഷ്യയിലും പിറവിയെടുത്ത സചിത്ര പിഞ്ഞാണപാത്രങ്ങളും അലംകൃത പട്ടുവസ്ത്രങ്ങളുമാണ്‌ മറ്റു ചില ഉദാഹരണങ്ങൾ(3).

അല്ലെങ്കിലും അറബ്‌-പേർഷ്യൻ, റോമൻ ബന്ധത്തിന്‌ കാലങ്ങളുടെ പഴക്കമുണ്ട്‌. ബുദ്ധിപരമായ വകതിരിവില്ലാതെ ഘനീഭവിച്ച തമസ്സിൽ കഴിയുന്ന കാലത്തുതന്നെ അറബികൾ പലതിനുവേണ്ടിയും പേർഷ്യയെ സമീപിച്ചിരുന്നു. കാലാന്തരേണ മതപ്രേരിത പലായനത്തിന്റെ സമയം വന്നതോടെയാണ്‌ അവർ തങ്ങളുടെ അസ്തിത്വം തിരിച്ചറിയുന്നത്‌. ചുറ്റുപാടുകളുമായി ചേർത്തുനോക്കുമ്പോൾ ഏറ്റവും ചുരുങ്ങിയ സൈനികശക്തിയിൽ തന്നെ അവർ വളരെ പിന്നിലായിരുന്നു. കോട്ടനിർമാണമൊഴികെ പുരോഗമനാത്മകമായി അവർക്കൊന്നും പരിചയമുണ്ടായിരുന്നില്ല. ഇത്‌ റോം പോലെത്തന്നെ ലോകപോലീസുകളിൽ നിന്നും പുതിയ പ്രതിരോധശൈലികൾ സ്വീകരിക്കാൻ അവരെ നിർബന്ധിതരാക്കി. ഒട്ടകത്തെ മാത്രം ആശ്രയിച്ച്‌ ജീവിച്ച അവർക്ക്‌ ഇതൊരു വഴിത്തിരിവിന്റെ ഘട്ടമായിരുന്നു. അതിർത്തിവിട്ട്‌ പുറത്തേക്ക്‌ വ്യാപിക്കാൻ തുടങ്ങിയതോടെ ഒരുപാട്‌ ഉത്തരവാദിത്തങ്ങളും ചുമതലകളും കൂടിവന്നു. രാഷ്ട്രത്തിന്റെ നിയന്ത്രണത്തെയും ഭരണസംവിധാനത്തെയും കുറിച്ച്‌ ചിന്തിക്കാൻ പ്രേരിതരായി. അങ്ങനെയാണ്‌ ഒരു ഭരണകല തന്നെ അറബികളിൽ ജന്മമെടുക്കുന്നത്‌.
ഇസ്ലാമിക സാമ്രാജ്യത്തിന്റെ വികസന ഘട്ടം. ഖലീഫ ഉമർ(റ)വിന്റെ രാജധാനിയിലേക്ക്‌ യുദ്ധമുതലുകൾ അനിയന്ത്രിതമായി ഒഴുകാൻ തുടങ്ങി. തീർത്തും അശുഭകരമായ ഈ പ്രതിസന്ധി തരണം ചെയ്യാൻ അദ്ദേഹത്തെ സഹായിക്കാനെത്തിയിരുന്നത്‌ തന്റെ ഓഫീസിലെ പേർഷ്യൻ ജ്ഞാനിയായിരുന്നു. അവിടെ പ്രചാരത്തിലുണ്ടായിരുന്ന രജിസ്റ്റർ (ദീവാൻ) സംവിധാനം നടപ്പിലാക്കപ്പെടുകയായിരുന്നു ഇവിടെ. വരവുചെലവുകൾ കണക്കാക്കാൻ പിൽക്കാല അറബികൾക്കിത്‌ വൻ അനുഗ്രഹമായി. നൂറ്റാണ്ടുകളോളം ഇതേ ശൈലി തന്നെയായിരുന്നു അവിടെ അനുവർത്തിക്കപ്പെട്ടത്‌.

പേർഷ്യൻ ഭരണ പാടവമാണ്‌ അറബികളെ സ്വാധീനിച്ച മറ്റൊരു കല. നിയന്ത്രണപരമായും പരിഷ്കരണപരമായും അവരുടെ സമീപനം ആകർഷകമായിരുന്നു. 9-​‍ാം നൂറ്റാണ്ടിലെ തൂലികക്കാരൻ ജാഹിള്‌ ഇക്കാര്യം തുറന്നുപറയുന്നുണ്ട്‌. അദ്ദേഹമെഴുതുന്നു: ചരിത്രത്തിലെനിക്ക്‌ ചിലരെ നിർമാണ കലയിലും ചിലരെ വാഗ്വാദത്തിലും ചിലരെ രാഷ്ട്ര നിർമാണത്തിലും ചിലരെ സൈനിക ക്രമീകരണത്തിലും നിപുണത തേടി വിരാജിക്കുന്നതായി കാണാൻ സാധിച്ചു. ഗ്രീക്കുകാർ തത്ത്വചിന്തയിലും യന്ത്രനിർമാണങ്ങളിലും മുഴുകി നിൽക്കുമ്പോൾ ചൈനക്കാർ വാസ്തുവിദ്യയിലാണ്‌ ശ്രദ്ധ പതിപ്പിക്കുന്നത്‌. സസാനിയൻ രാജാക്കൾ ഭരണസംവിധാനത്തിന്‌ പ്രാധാന്യം നൽകുന്നു. അതേസമയം തുർക്കികൾ യുദ്ധകലയെ സ്നേഹിക്കുന്നു. അറബികളാവട്ടെ, ഒരു ശാസ്ത്രത്തിലും മികവ്‌ നേടിയിട്ടില്ലെങ്കിലും അവർ സ്വായത്തമാക്കിയ കവിത, പ്രഭാഷണം, ആയുധനിർമാണം, കുതിരപന്തയം തുടങ്ങിയവയിൽ അവരെ കവച്ചുവെക്കാൻ മറ്റാരുമുണ്ടായിരുന്നില്ല.

അമവീ ഭരണാധികാരി ഹിശാമുബ്നു അബ്ദിൽ മലികിന്റെ കൊട്ടാര ലൈബ്രറിയിൽ ഭരണക്രമങ്ങളെ പരിചയപ്പെടുത്തുന്ന ഒരു പേർഷ്യൻ ഗ്രന്ഥത്തിന്റെ മുൻഗണനാക്രമങ്ങളുണ്ടായിരുന്നു. പക്ഷേ, പേർഷ്യക്കാരെ സംബന്ധിച്ചിടത്തോളം ഇതൊരു കുത്തകയുടെ പ്രശ്നമാണ്‌. ഇസ്ലാം വന്നതോടെയാണ്‌ അവർക്കിതിൽ ബോധോദയം ഉണ്ടാകുന്നതുതന്നെ(4).
ഉമർ(റ)വിന്റെ ഭരണവീക്ഷണത്തെ സസാനികൾ നന്നായി സ്വാധീനിച്ചതായാണ്‌ ആരോപണം. അദ്ദേഹത്തിന്റെ കാലത്ത്‌ കീഴടക്കപ്പെട്ട പല പ്രവിശ്യകളിലും കാലങ്ങളോളം സസാനിയൻ നാണയ സംവിധാനം തന്നെ നിലനിറുത്തപ്പെടുകയായിരുന്നു. നോർത്താഫ്രിക്കയിലും സ്പെയ്നിലും പൂർണ ഇസ്ലാമിക ശൈലി നിലവിൽ വന്നിട്ടും പരസ്വാധീനം അതിൽ കുറവായിരുന്നില്ല. മധ്യേഷ്യയിൽ അന്ന്‌ പ്രചാരത്തിലുണ്ടായിരുന്ന വസ്ത്ര-വാൾ നിർമാണത്തിലും പരബന്ധം പ്രകടമാണ്‌.
അമവീ കാലത്തുതന്നെ ഇസ്ലാമിക ലോകത്ത്‌ ശക്തമായ പേർഷ്യൻ വൽക്കരണം നടന്നതായാണ്‌ പണ്ഡിത-ചരിത്ര മതം. പൊതുവെ ഭരണാധികാരികളെയും അനുയായികളെയും ഒരു മാറാവ്യാധി പോലെയാണ്‌ അത്‌ ബാധിച്ചിരുന്നത്‌. വിജ്ഞാനരംഗത്തും കലാരംഗത്തും ചിന്താരംഗത്തും ഇതിന്റെ സ്വാധീനം ശക്തമാണ്‌. എന്തിനേറെ, ചുരുങ്ങിയ കാലത്തിനുള്ളിൽ കൂഫയുടെയും ബസ്വ്‌റയുടെയും തെരുവീഥികളിൽ പേർഷ്യൻ ഭാഷ ഒഴുക്കോടെ സംസാരിക്കുന്ന അറബികൾ പ്രത്യക്ഷപ്പെട്ടിരുന്നുവത്രെ.
ഖലീഫ മൻസ്വൂർ ബഗ്ദാദ്‌ പട്ടണം പണിക്‌അഴിച്ചത്‌ കിഴക്കൻ-പടിഞ്ഞാറൻ സംസ്കാരങ്ങളെ പരസ്പരം അടുപ്പിക്കാനായിരുന്നു. സസാനിയൻ പാരമ്പര്യം തലക്കു പിടിച്ച അദ്ദേഹം തന്റെ കൊട്ടാരവാസികളോടുപോലും ഉപദേശിച്ചിരുന്നത്‌ അലംകൃത വസ്ത്രങ്ങൾ ധരിക്കാനും അന്തസ്സോടെ ജീവിക്കാനുമായിരുന്നു. ഇക്കാലത്ത്‌ നിർമിതമായ അധികം കെട്ടിടങ്ങളും പേർഷ്യൻ സ്വാധീനം വിളിച്ചോതുന്നതാണ്‌. എല്ലാറ്റിലുമുപരി പേർഷ്യൻ വാസ്തുശിൽപികളായിരുന്നു ഇതിന്‌ ക്ഷണിക്കപ്പെട്ടിരുന്നത്‌. അതുകൊണ്ടുതന്നെ പേർഷ്യൻ നിർമാണകലയിലെ കമാനങ്ങൾ, താഴികക്കുടങ്ങൾ, പോർട്ടിക്കോവുകൾ, ജനലുകൾ തുടങ്ങിയ അവയെ ആകർഷണീയമാക്കാനായി കടന്നുവന്നു. ഗൃഹോപകരണങ്ങളായ മേശ, കസേര, കുഷ്യൻ സീറ്റുകൾ, കൊതുകുവല, കാർപെറ്റുകൾ തുടങ്ങിയവ പേർഷ്യയിൽ നിന്ന്‌ ഇറക്കുമതി ചെയ്യപ്പെട്ടു. എന്തിനേറെ, പേർഷ്യൻ അടുപ്പുകൾ, പാത്രങ്ങൾ അടക്കം അടുക്കള രഹസ്യങ്ങൾ വരെ മുസ്ലിം ലോകത്ത്‌ പ്രചാരത്തിൽ വന്നു എന്നതാണ്‌ സത്യം.
പേർഷ്യൻ ഉൽപന്നങ്ങൾ മാർക്കറ്റുകളെ സജീവമാക്കി. നെയ്ത്തിലും ചായം മുക്കുന്നതിലും ലോഹരൂപങ്ങളിലും അലങ്കാര കലകളിലും അതേ ശൈലി തന്നെ നിലനിന്നു. അറബ്‌ നിർമാണശാലകളിൽ പേർഷ്യൻ ശിൽപികൾ തെരഞ്ഞെടുക്കപ്പെട്ടതിനാൽ അവർക്ക്‌ പിന്നെ മാറ്റമൊന്നുമുണ്ടായില്ല.

അവശ്യ ഔഷധങ്ങളും വലിയ തോതിൽ പേർഷ്യയിൽ നിന്നായിരുന്നു സ്വീകരിച്ചിരുന്നത്‌. അറബ്‌ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിലെ പേർഷ്യൻ നാമങ്ങൾ ഇതിന്റെ ചില ജീവിക്കുന്ന തെളിവുകളാണ്‌. സത്യത്തിൽ, ഇതത്ര വിസ്മയാവഹമൊന്നുമല്ല. കാരണം, നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ ഖുറാസാനിലെ ജന്തിഷാപൂരിൽ ഒരു വൈദ്യ കലാലയം നിർമിതമായിരുന്നു. ക്രൈസ്തവജ്ഞാനികളായ ഭക്തിശു കുടുംബമായിരുന്നു ഇതിൽ സേവനമനുഷ്ഠിച്ചിരുന്നത്‌. മുസ്ലിം ലോകത്തിന്റെ അത്താണിയായിരുന്ന ഇതിന്റെ ദർശനവട്ടത്തിൽ നിന്നാണ്‌ പിന്നീട്‌, വിശ്വപ്രസിദ്ധ വൈദ്യശാസ്ത്രജ്ഞരായ ഇമാം റാസിയും ഹാലി അബ്ബാസും ഇബ്നുസീനയും പിറവിയെടുക്കുന്നത്‌.

അമവി പ്രതിയോഗി അബ്ദുല്ലാഹിബ്ന സുബൈറിന്റെ കാലത്ത്‌, ലോകത്തെ വിശിഷ്ട വാസ്തുശിൽപ കലാരൂപമായ കഅ​‍്ബാലയത്തിന്റെ പുനരുദ്ധാരണത്തിനായി പേർഷ്യൻ-ഗ്രീക്ക്‌ വാസ്തുശിൽപികളെയായിരുന്നു താൻ ക്ഷണിച്ചിരുന്നത്‌. നിർമാണിത്തിനിടെ അവർ ആനന്ദിച്ച സംഗീതം മുസ്ലിം ലോകത്തിന്‌ പുതിയ പാഠങ്ങൾ നൽകി. സംഗീതോപകരണങ്ങൾ നിർമിക്കാനും താളാത്മകതയിൽ സായൂജ്യമണയാനും അവർ മുന്നോട്ടുവന്നു. അല്ലെങ്കിലും അമവീ-അബ്ബാസീ ഭരണീയർ പൊതുവെ മ്യൂസിക്‌ തൽപരരായിരുന്നു. പേർഷ്യയിൽ നിന്ന്‌ സംഗീതസമ്രാട്ടുകളെ കടമെടുത്തായിരുന്നു അവരിത്‌ ആസ്വദിച്ചിരുന്നത്‌. ഇതേ സമയം സ്പെയ്നിന്റെയും അവസ്ഥ ഇതുതന്നെയാണ്‌. കൊർദോവയിലെ അബ്ദുർറഹ്മാൻ രണ്ടാമന്റെ കൊട്ടാരമലങ്കരിച്ചിരുന്നത്‌ സർയാബ്‌ എന്ന പേർഷ്യൻ മ്യൂസിഷ്യനായിരുന്നു. ജനങ്ങൾക്കിടയിൽ അമിത സ്വാധീനം ലഭിച്ച അദ്ദേഹം ഒരു താരകം കണക്കെ തിളങ്ങിനിൽക്കുകയായിരുന്നു അവിടെ.(5)

ഇസ്ലാമീകരണത്തിന്റെ മുമ്പും പിമ്പുമുള്ള പേർഷ്യൻ സ്വാധീനവും ഏറെ പിന്നിലല്ല. പള്ളിനിർമാണത്തിലെ പല ശൈലികളും മുസ്ലിംകൾ അവരോട്‌ കടപ്പെട്ടിരിക്കുന്നു. വിശിഷ്യാ മിഹ്‌റാബും മിമ്പറും മഖ്സൂറയെന്ന അലംകൃത രാജാസനങ്ങളും ഇതിന്റെ ഭാഗമാണ്‌. റോമൻ നിർമാണ ശാസ്ത്രത്തിൽ നിന്നും ആവാഹിക്കപ്പെട്ടതാണ്‌ ഇവയുടെ മൗലിക രൂപങ്ങൾ. സ്മാരക സൗധങ്ങളിലും അലംകൃത കെട്ടിടങ്ങളിലും അഭിമാനത്തോടെ തല ഉയർത്തിനിൽക്കുന്ന കുംഭഗോപുരങ്ങളാണ്‌ മറ്റൊന്ന്‌. പിൽക്കാല റോമൻ പാലസ്‌ നിർമാണത്തിൽ സാർവത്രികമായ ഈ ശൈലിയിൽ മുസ്ലിം കലാകാരന്മാരും ആകൃഷ്ടരാവുകയായിരുന്നു. 7-8 നൂറ്റാണ്ടുകളിൽ അമവികൾ മാത്രമല്ല, 16-​‍ാം നൂറ്റാണ്ടിലെ തുർക്കികൾ പോലും ബൈസാന്തിയൻ വാസ്തുശിൽപത്തെ മഹത്തരമായി പരിഗണിച്ചിരുന്നു.

ജൈവരൂപ ചിത്രണം ഇസ്ലാമിൽ നിഷിദ്ധമായതിനാൽ ചില മുസ്ലിം നിലപാടുകൾ അവരെയും ബാധിക്കുകയുണ്ടായി. വിവിധ വർണങ്ങളിലായി വ്യത്യസ്ത ജൈവരൂപങ്ങൾ സംവിധാനിക്കപ്പെട്ട ബൈസാന്തിയൻ കലയിൽ 6-​‍ാം നൂറ്റാണ്ടോടെ ഛായാചിത്രണം ആനുപാതികമായി കുറഞ്ഞു. ജൈവരൂപങ്ങൾക്കു പകരം പ്രകൃതി രൂപങ്ങൾ അലങ്കരിക്കപ്പെട്ടു. മനുഷ്യപ്പകർപ്പുകൾ തെളിഞ്ഞുവന്നാൽ തന്നെ ജീവൻ നിലനിൽക്കാൻ അസാധ്യമായ തരത്തിലായിരുന്നു അവയുടെ ആവിഷ്കാരം. 11-​‍ാം നൂറ്റാണ്ടിൽ വെളിച്ചം കണ്ട ഇബ്നുൽമുബശ്ശിറിന്റെ ‘മുഖ്താറുൽ ഹികം’ (ടലഹലരശ്​‍ി ​‍ീള ംശലെ മ്യെശിഴ​‍െ) എന്ന ഗ്രന്ഥം ഇതിന്റെ ഒരു നിത്യനിദർശനമാൺ്. ഛായാചിത്രങ്ങൾ കൊണ്ട്‌ അലങ്കരിച്ച യവനദാർശനികരുടെ ഫോട്ടോകൾ വ്യതിരിക്തത പുലർത്തുന്നു.(6)

നാലു, കാലഘട്ടങ്ങളിലൂടെ വന്ന ക്രമം

കാലഘട്ടങ്ങളിലൂടെ വന്ന ക്രമം

വിശ്വകലാ ചരിത്രത്തിലെ ഒരു നവോത്ഥാനമായിരുന്നു ഇസ്ലാമിന്റെ രംഗപ്രവേശത്തിലൂടെ സംഭവിച്ചത്‌. അന്നേ വരെ ലോകം അറിഞ്ഞതും ദർശിച്ചതുമായ കലാസമ്പ്രദായങ്ങളെ ആമൂലഗ്രസ്തം മാറ്റിമറിക്കുന്നതായിരുന്നു ഇത്‌. ആകാര സൗഷ്ടവത്തിലുപരി ആത്മികതലങ്ങൾക്കാണിവിടെ പ്രാധാന്യം. ശൈലിയും രീതിയും ആരുടേതായാലും ഉപരിപ്ലവതയുടെ ദൈവിക ചമൽക്കാരമാണിവിടെ. കൂടാതെ, സത്തയിൽ സന്നിവേശിപ്പിക്കപ്പെടുന്ന അതിന്ദ്രീയ ചാതുരിയും അനിർവചനീയമായ വശ്യതയും ഇവിടെ പ്രകമാകുന്നു.

ക്രി. 571 വികലമായ നാഗരികതകളുടെ ഒത്ത നടുവിൽ സൗകുമാര്യത്തിന്റെ ഏറ്റവും വലിയ രൂപമായി തിരുനബി അവതരിക്കുന്നതോടെയാണ്‌ ഇവ്വിഷയകമായ ചിന്തകൾക്ക്‌ പ്രസക്തി വരുന്നത്‌. ഹ്രസ്വമായ കാലത്തിനുള്ളിൽ ആത്മികതയുടെ സൗകുമാര്യതയുടെ അനുഭവജ്ഞ വവരണം നടത്തി. (നമസ്കാരം, ഹജ്ജ്‌ പോലുള്ള ആരാധനകളായും പള്ളി നിർമാണം പോലുള്ള വാസ്തുശിൽപങ്ങളായും.) 632 ഓടെ ആ സാന്നിധ്യം അസ്തമിക്കുകയായിരുന്നു. പിന്നീടവയുടെ ഒളി മങ്ങാതെ സൂക്ഷിക്കൽ അനന്തര ലോകത്തിന്റെ ദൗത്യമായി.

സമൂഹത്തിന്റെ ഉത്ഥാന പ്രക്രിയകൾക്കായി നിയമിതരായ ഖലീഫമാർ തന്നെയാണ്‌ ഈ രംഗം യഥായോഗ്യം ഉപയോഗപ്പെടുത്തുവാൻ മുന്നോട്ടുവന്നത്‌. മുൻ പ്രതാപത്തിന്റെ ആചാര്യന്മാരായ ബൈസാന്തിയനെ 634 ൽ ഫലസ്ഥീനിലെ അജ്നാദൈനിൽ വെച്ചും സസാനിയനെ 636 ൽ മെസപ്പെട്ടോമിയയിലെ ഖാദിസിയ്യയിൽ വെച്ചും തറപറ്റിച്ചതോടെ ഈ രംഗം അനാഥത്വം പേറി ഇവരെ പിന്തുടരുകയായിരുന്നു. ഒരളവോളം കലാപരിരക്ഷണവും ആവശ്യതലങ്ങളിലെ (പള്ളി, വീട്‌, കോട്ട, ആയുധ, വസ്ത്ര നിർമാണങ്ങൾ) പരിപോഷണവുമായി ഈ ഘട്ടവും അവസാനത്തിലേക്ക്‌ നീങ്ങിക്കൊണ്ടിരുന്നു. ആത്മികബോധത്തിൽ അതീവ സൂക്ഷ്മത നിഴലിക്കുകയും ചെയ്തിരുന്നു.

ഇത്തരമൊരു ഘട്ടത്തിൽ ഏഴാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയിൽ ഭരണത്തിലേറിയ മുആവിയൻ ഭരണകൂടത്തിന്റെ രംഗപ്രവേശത്തോടെയാണ്‌ ഈ രംഗം ചൂടുപിടിക്കുന്നത്‌. മുസ്ലിം രാഷ്ട്രം വികസിച്ചുകൊണ്ടിരുന്ന ഇത്തരുണത്തിൽ അവർ കലാപരമായ പുരഗോതികൾക്കും പരഗിണന നൽകിയിരുന്നു. നോർത്താഫ്രിക്കയും ട്രാൻസോക്സാനിയയും സിന്ദും (710) സ്പെയ്നും (711) കീഴിൽ വന്നതോടെ സ്വീകരണത്തിനും പ്രസരണത്തിനും ഇത്‌ അവസരങ്ങൾ സുഗമമാക്കി.

അമവീ കാലഘട്ടം പൊതുവെ കലകളിലേക്കുള്ള മുസ്ലിംകളുടെ മടക്ക ഘട്ടമായാണ്‌ പരിഗണിക്കപ്പെടുന്നത്‌. യുദ്ധങ്ങളിലൂടെ കീഴടക്കപ്പെടുന്നയിടങ്ങളിലെ അലങ്കാര സൗധങ്ങൾ തകർത്തെറിയുന്നതിനു പകരം സംരക്ഷിക്കുന്നതായിരുന്നു ഇതിന്‌ കാരണം. അല്ലെങ്കിലും അമവീ വാസ്തുവിദ്യ പരിപോഷണത്തിന്റെ വഴിയിലായിരുന്നു. പേർഷ്യൻ, ബൈസാന്തിയൻ, ഈജിപ്ഷ്യൻ തുടങ്ങിയ വകതിരിവുകൾ പർവതീകരിക്കാതെ മൊത്തമായി അവയെ സ്വാംശീകരിക്കുകയും ഇസ്ലാമിന്റെ വിശേഷ ഗുണങ്ങൾ ചേർത്ത്‌ വിളക്കി അലങ്കരിക്കുകയുമായിരുന്നു അവരുടെ ജോലി. അതുകൊണ്ടുതന്നെ ഇക്കാലത്ത്‌ ധാരാളം കോട്ടകളും പട്ടണങ്ങളും നിലവിൽ വന്നു. പള്ളി നിർമാണവും വിപുലീകരണവും സാർവത്രികമായി. മസ്ജിദുന്നബവി, മസ്ജിദു ഖുബ്ബതിസ്സ്വഖ്‌റ, മസ്ജിദുൽ അമവീ തുടങ്ങിയവ ഇതിന്റെ ചില ഉദാഹരണങ്ങളാണ്‌.
750 ൽ ബഗ്ദാദ്‌ കേന്ദ്രീകരിച്ച്‌ മുന്നോട്ടുവന്ന അബ്ബാസികൾ സൗന്ദര്യബോധത്തിന്റെ കൂടെപ്പിറപ്പായിരുന്നു. എല്ലാറ്റിലും വശ്യത പകരുകെയന്നതായിരുന്നു അവരുടെ നയം തന്നെ. സസാനിയൻ ആസ്ഥാനമായിരുന്ന ടെസിഫോണിൽ നിന്ന്‌ 56 കി.മീ. ദൂരെ സ്ഥിതി ചെയ്യുന്ന ബഗ്ദാദ്‌ പട്ടണം സത്യത്തിൽ ശിൽപഭംഗിയുടെ ഒരനുപമ സാന്നിധ്യമായിരുന്നു. ഇടക്ക്‌ സമാറയിലേക്ക്‌ മാറ്റേണ്ടി വന്ന തലസ്ഥാന നഗരി താമസിയാതെ ഇതേ നിറപ്പകിട്ടുതന്നെ സ്വായത്തമാക്കി. മുസ്ലിം ലോകത്തിന്റെ സാംസ്കാരിക ആസ്ഥാനമായി മാറി.

അബ്ബാസികളെ സംബന്ധിച്ചിടത്തോളം ഓരോ ഭരണാധികാരികളും കലയുടെ അഭൂതപൂർവമായ വളർച്ചയിൽ തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്‌. നഗരങ്ങൾക്ക്‌ അനശ്വരത നൽകിക്കൊണ്ട്‌ മൻസ്വൂർ സ്ഥാപിച്ചുവെച്ച സ്വർണകവാടം (ബാബുദ്ദഹബ്‌), ഹരിതകുംഭം (അൽഖുബ്ബതുൽ ഖള്‌റ) എന്നിവ ചില ഉദാഹരണങ്ങളാണ്‌. അതേ സമയം മുസാഫയിൽ ചാരിതാർഥ്യത്തോടെ തല ഉയർത്തിനിന്ന അനശ്വരഭവന(ഖസ്വ്‌റുൽ ഖുൽദ്‌)മാണ്‌ മഹ്ദിയുടെ സംഭാവന. മുഅ​‍്തളിദിന്റേത്‌ സുറയ്യാ കൊട്ടാരം. അദ്ദേഹത്തിന്റെ മകൻ മുക്തഫിയുടെതാണ്‌ താജെന്ന പേരിൽ പ്രസിദ്ധമായ, സ്വർണത്തിന്റെയും വെള്ളിയുടെയും മരങ്ങൾ കൊണ്ടലങ്കരിച്ച വൃക്ഷമന്ദിരമുൾക്കൊള്ളുന്ന സൗധം. ഹുലാഗുഖാന്റെ കടന്നുകയറ്റത്തിനിടെ 1258 ൽ ഇത്‌ തകർക്കപ്പെട്ടുവെങ്കിലും അബ്ബാസീ കലാരൂപങ്ങളുടെ ഒരു അസാധാരണ മുഖമായിരുന്നു ഇത്‌.
മുഅ​‍്തസിം ബില്ല നിർമിച്ച ഖസ്വ്‌റുൽ ആശിഖ്‌, ഖാഖാനിയൻ ചിത്രങ്ങളും കൊത്തുപണികളും നിറഞ്ഞുനിൽക്കുന്ന ജൗസഖുൽ ഖാഖാനി, സമാറയിലെ വാസ്തുശിൽപ വൈഗ്ധ്യത്തിന്റെ അനുരൂപമായ പള്ളി (മുതവക്കിൽ) തുടങ്ങിയവ അബ്ബാസീ കലയുടെ മറ്റു ചില രൂപങ്ങളാണ്‌. അമവികളിൽ നിന്ന്‌ ഭിന്നമായി ഇവർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്‌ സ്വാധീനങ്ങളില്ലാത്ത തനിമയുറ്റ രൂപങ്ങൾ സൃഷ്ടിച്ചെടുക്കുന്നതിലായിരുന്നു.

ചിത്രകല, പത്രനിർമാണം, കാലിഗ്രാഫി, സംഗീതം തുടങ്ങിയവയിലും അബ്ബാസികൾ കൈവരിച്ച നേട്ടം മഹത്തരമാണ്‌. അന്നുവരെ വ്യവസ്ഥാപിതമായ ഒരു സംവിധാനവും വരാത്ത ഇവയിൽ അവർ തുടങ്ങിവെച്ച പലതും ഇന്നും അത്ഭുതകരമായി ശേഷിക്കുന്നുവെന്നതാണ്‌ സത്യം.
അമവീകാലത്തുതന്നെ സ്പെയ്നിൽ ഇസ്ലാമിന്റെ സ്വാധീനമെത്തിയിരുന്നു. അതിനാൽ നിർമാണ പ്രവർത്തനങ്ങളിൽ ആർക്കും എത്തിപ്പെടാനാവാത്ത തലങ്ങൾ അവർ കീഴടക്കി. കൊത്തുപണിയിലും വിസ്മയരൂപനിർമാണങ്ങളിലും കണ്ണഞ്ചിപ്പിക്കുന്ന പൂവാടിനിർമാണത്തിലും അവർ മഹത്തരമായ സംഭാവനകൾ നൽകി. പ്രകൃതിയിലെ ദൈവിക വിസ്മയങ്ങളെ ഉപയോഗപ്പെടുത്തി പള്ളികളും കൊട്ടാരങ്ങളും അലങ്കരിച്ചു. ജനൽപാളികളിലൂടെ അകത്തുകടക്കുന്ന പ്രകാശചീളുകളെ അടിസ്ഥാനമാക്കി സമയനിർണയം നടത്തുന്ന യന്ത്രങ്ങൾ വരെ തയ്യാറാക്കി. കൊർദോവയിലെ വലിയ ജുമാമസ്ജിദും ഗ്രാനഡയിലെ അൽഹംബ്ര കൊട്ടാരസമുച്ചയവും ഇതിന്റെ നിത്യസാക്ഷികളാണ്‌. പക്ഷേ, മൂന്നു നൂറ്റാണ്ടിനു ശേഷം 1031-ഓടെ ഈ കുതിപ്പിന്‌ മങ്ങലേൽക്കുകയായിരുന്നു.

അബ്ബാസീ ഭരണം ശോഷിച്ചുതുടങ്ങിയതോടെ ഖുറാസാനിൽ നിന്ന്‌ സമാനീ (ടമാമിശ) (819-1005) ശക്തി ഉയർന്നുവന്നു. സാഹചര്യം വിളിച്ചുതേടുന്നതനുസരിച്ച്‌ അവരും വിജ്ഞാനീയങ്ങളുടെ പ്രസക്തിയറിഞ്ഞു. മനുഷ്യമനസ്സിനെപ്പോലും മാറ്റിമറിക്കുന്ന കലാസമ്പ്രദായങ്ങൾക്ക്‌ ആവശ്യമായ പരിഗണന നൽകി. പരിപോഷണ മാർഗങ്ങൾ സ്വീകരിച്ചു. അതുകൊണ്ടുതന്നെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഖുറാസാൻ മുസ്ലിം ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. നാഗരികതകളുടെ ഈറ്റില്ലമായി. ലോകമെന്നും പാടിയും പുകഴ്ത്തിയും കൊണ്ടിരിക്കുന്ന ഫിർദൗസിയുടെ ശാഹ്നാമ (ആ​‍ീ​‍ീസ ​‍ീള ഗശിഴ​‍െ) ഈ കാലത്തിന്റെ സൃഷ്ടിയാണ്‌.(4)

ഖലീഫ ഉമർ(റ)വിന്റെ കാലം അംറുബ്നു ആസ്വിന്റെ നേതൃത്വത്തിലുള്ള സൈന്യമാണ്‌ ഈജിപ്ത്‌ കീഴടക്കുന്നത്‌. സൗന്ദര്യബോധത്തിന്റെയും നിർമാണപ്രവർത്തനങ്ങളുടെയും ദീർഘകാല പാരമ്പര്യമുണ്ടായിരുന്ന ഇവിടെ മുസ്ലിം കലാധാരണകൾക്ക്‌ ഏറെ ക്ലേശങ്ങൾ നേരിടേണ്ടിവന്നില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള പിരമിഡുകളെയും കൊട്ടാരങ്ങളെയും സാക്ഷിനിറുത്തി അവരും ഇസ്ലാമികവൽകൃത കലാരൂപങ്ങൾക്ക്‌ തിരികൊളുത്തി. ഈജിപ്തിലെ പ്രസിദ്ധമായ അംറുബ്നു ആസ്വ്‌ മസ്ജിദ്‌ ഇതിന്റെ നിദർശനമാണ്‌. രൂപത്തിലും ഭാവത്തിലും ആധുനികതയോട്‌ തൊട്ടുനിൽക്കുന്ന ഇത്‌ പിരമിഡുകൾക്കിടയിലെ ഒരാത്മിക സാന്നിധ്യമാണ്‌. 969 ൽ ഈജിപ്തിൽ ഫാഥിമീ ഭരണം നിലവിൽ വന്നു. 10-11-12 നൂറ്റാണ്ടുകൾ പിന്നെ അഭംഗുരമായ വളർച്ചയുടെ ഘട്ടമായിരുന്നു. ആസ്ഥാനം കലാരൂപങ്ങളുടെ നാടായ ഫുസ്താതിൽ നിന്ന്‌ ഈജിപ്തിലേക്ക്‌ മാറുന്നത്‌ അന്നാണ്‌. ഇബ്നു തൂലൂൻ മസ്ജിദ്‌, കൈറോയിലെ ഖലാവൂൻ സമുച്ചയം, ബായ്ത്‌ ബായ്‌ മദ്രസ, അഖ്മർ മസ്ജിദ്‌, സ്വലാഹുദ്ദീൻ കോട്ട, സുൽഥാൻ ഹസൻ കോളേജ്‌, രിഫാഈ മസ്ജിദ്‌, അൽഅഷർ തുടങ്ങിയവ വ്യത്യസ്ത കാലങ്ങളിലായി ഉടലെടുത്ത ഇസ്ലാമിക വാസ്തുശിൽപങ്ങളുടെ വിവിധ മുഖങ്ങളാണ്‌.

തുർക്കിയിലെ ഗസ്നവി ഭരണമാണ്‌ കലയിൽ ചരിത്രപരമായ മാറ്റങ്ങൾ സൃഷ്ടിച്ച മറ്റൊരു ഭരണവംശം. 10-11 നൂറ്റാണ്ടുകളിൽ നിലവിലെ സാഹചര്യങ്ങൾക്കു മുമ്പിൽ ഇവർ വരുത്തിവെച്ച പരിഷ്കാരങ്ങൾ പലതാണ്‌. തുർക്കിക്ക്‌ വാസ്തുവിദ്യാപരമായി ഒരസ്തിവാരം തന്നെയിട്ടത്‌ സത്യത്തിൽ ഇവരായിരുന്നു. കലയുടെ രക്ഷാധികാരികളെന്ന്‌ പൊതുവെ വിളിക്കപ്പെടുന്ന ഇവരിൽ മുഹമ്മദ്‌ ഗസ്നവി(998-1030)യാണ്‌ ഏറെ പ്രസിദ്ധൻ. ഇന്ത്യയിൽ വരെ അറബ്‌ നിർമാണശാസ്ത്രം പരിചയപ്പെടുത്തിയതിൽ ഇദ്ദേഹത്തിന്റെ പങ്ക്‌ വലുതാണ്‌.

ഇത്തരാഫ്രിക്കയിലെ അഗ്ലബികൾ, ഈജിപ്തിലെ മാലൂകികൾ, ഖുറാസാനിലെ തിമൂരികൾ, സഫവികൾ തുടങ്ങിയവരാണ്‌ ഇസ്ലാമിക കലയുടെ പിൽകാല രക്ഷാധികാരികൾ. അഫ്ഗാനിസ്ഥാനും ഉസ്ബക്കിസ്ഥാനും അലപ്പോ(ഹലബ്‌)യും മുസ്ലിം ഭരണകാല ഇന്ത്യയും ഇതിന്റെ മറ്റൊരു വശമാണ്‌.
തുർക്കിയിലെ ഉസ്മാനീ കലകളാണ്‌ പൊതുവെ ഇസ്ലാമിക കലയുടെ അന്ത്യശ്വാസങ്ങളായി ഗണിക്കപ്പെടുന്നത്‌. ഹിജ്‌റ 8-9 നൂറ്റാണ്ടുകളിൽ അനാത്തൂലിയയിൽ രൂപപ്പെട്ട പരമ്പരാഗത വാസ്തുശിൽപ മാതൃകകളും (പള്ളികൾ, മദ്‌റസകൾ, സ്വൂഫി പഠനശാലകൾ) അയോസോഫിയ മസ്ജിദ്‌ പോലെയുള്ള ബൈസാന്തിയൻ നിർമാണ ശൈലികളുമായിരുന്നു അന്നവിടെ പ്രചാരത്തിൽ. കൂടാതെ യൂറോപ്യൻ-അറബിക്‌-പേർഷ്യൻ ശൈലിയും അവരെ സ്വാധീനിച്ചിരുന്നു. ഇന്ന്‌ തുർക്കിയിലും പരിസരങ്ങളിലുമായി കാണപ്പെടുന്ന ധാരാളം മസ്ജിദുകളും കെട്ടിടങ്ങളും ഇവരുടെ കലാരൂപങ്ങളുടെ നിദർശനങ്ങളാണ്‌.
കൂടാതെ കാലത്തിന്റെ പരിചക്രമണത്തിനിടെ പല സ്വൂഫീപ്രസ്ഥാനങ്ങളും ഇസ്ലാമിക കലയുടെ സംരക്ഷത്തിനായി മുന്നോട്ടുവന്നു. ശാദുലി, സുഹ്‌റവർദി, നശ്ഖബന്ദി തുടങ്ങിയവയാണ്‌ ഇതിൽ പ്രധാനപ്പെട്ടവ. ദുന്നൂനുൽ മിസ്വ്‌രി, അബൂയസീദൽ ബിസ്ഥാമി, റാബിഅതുൽഅദവിയ്യ(റ)(5) തുടങ്ങിയവർ ഇതിലെ ആത്മികരൂപത്തിന്റെ ആചാര്യന്മാരാണ്‌. ഇവയിലൂടെ ഒരു പഠനയാത്രയാണ്‌ ഇസ്ലാമിക കലയുടെ നാനാവശങ്ങളെ തുറന്നുകാട്ടുന്നത്‌.


മൂന്ന്, പരിസ്ഥിതിയുടെ പ്രതികരണം

പരിസ്ഥിതിയുടെ പ്രതികരണം

ഭൗതിക ദർശനങ്ങളുടെ ബഹുലതക്കു മുമ്പിലാണ്‌ ഇസ്ലാമിക കല രൂപപ്പെടുന്നത്‌. സമീപിക്കുന്നതിനെല്ലാം സൗന്ദര്യം ദർശിച്ച്‌ ആത്മികത പകരുന്ന ഇതിന്റെ രംഗപ്രവേശം തീർത്തും വിസ്മയാവഹമായിരുന്നു. അഗ്നിയാരാധകർക്കോ ത്രിത്വവാദികൾക്കോ ഉൾക്കൊള്ളാനാവാത്ത വിധം ദീർഘവീക്ഷണത്തോടും വിമലീകരണ ബോധത്തോടും സംവിധാനിക്കപ്പെട്ടതായിരുന്നു ഈ മാറ്റം. കലകളെ സംബന്ധിച്ചിടത്തോളം പാരതന്ത്ര്യത്തിന്റെ കൂച്ചുവിലങ്ങുകളിൽ നിന്ന്‌ സ്വാതന്ത്ര്യത്തിന്റെ ശാദ്വലതയിലേക്കുള്ള ന്യായമായ പ്രവേശനമാണിത്‌.

വിശിഷ്യാ, സസാനിയൻ, ബൈസാന്തിയൻ എന്നീ ദ്വിഭരണങ്ങളായിരുന്നു അന്ന്‌ ലോകമാകെ നിയന്ത്രിച്ചിരുന്നത്‌. വിജ്ഞാനപരമായും കലാപരമായും നിർമാണപരമായും വിവിധ ഭാഗങ്ങളിലായി അവർ അഭൂതപൂർവമായ വളർച്ച നേടിക്കഴിഞ്ഞിരുന്നു. സമകാലികർക്കും വരാനിരിക്കുന്നവർക്കും അനുകരിക്കാൻ മാത്രം ക്രമബദ്ധവും നയന മനോഹരവുമായിരുന്നു അവ. എത്രത്തോളമെന്നാൽ ഇന്നും അവരുടെ വാസ്തുശിൽപ മാതൃകകൾ അലങ്കാരത്തിനായി ഫേഷനായി ഉപയോഗപ്പെടുന്നുവെന്നതാണ്‌ വസ്തുത. എന്നാൽ, ഇസ്ലാമിക കലയെ സംബന്ധിച്ചിടത്തോളവും ഈ അനുകരണം അന്യായമായിരുന്നില്ല. നിർമാണരംഗത്ത്‌ ബൈസാന്തിയൻ-സസാനിയൻ കല ഇസ്ലാമിക കലയെ നല്ലപോലെ സ്വാധീനിച്ചിട്ടുണ്ട്‌. ഇന്ന്‌ നാം പള്ളികളിലും വീടുകളിലും കാണുന്ന പല ചമത്കാരങ്ങളും അവർ തുടങ്ങിവെച്ചവയാണ്‌. പക്ഷേ, ഇസ്ലാമികവൽക്കരണമെന്ന ഒരു മഹൽസംരംഭത്തിന്‌ അവ പാത്രമായിട്ടുണ്ടെന്നുമാത്രം. ഒരർഥത്തിൽ ആ പവിത്രീകരണം മാത്രമാണ്‌ അവക്കിന്നും മേന്മ നൽകിക്കൊണ്ടിരിക്കുന്നത്‌.
പേർഷ്യൻ സംസ്കാരത്തിന്‌ ഖ്യാതിയും അംഗീകാരവും നേടിക്കൊടുത്ത സസാനിയൻ ഭരണം കലകളിലെന്ന പോലെത്തന്നെ സർവ വിജ്ഞാനങ്ങളിലും ഉന്നത ശ്രേണിയിലായിരുന്നു. പാർഥിയന്മാരുടെ പതനത്തിനു ശേഷം പേർഷ്യയിൽ അർദശീർ ബാബകാൻ ഒന്നാമൻ സ്ഥാപിച്ച (ക്രി. 226) ഭരണകൂടമാണ്‌ സസാനിയൻ ഭരണകൂടം. 652 ൽ പേർഷ്യ ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭാഗമാകുന്നതുവരെ അത്‌ പുരോഗതിയുടെയും മകുടമായി ശേഷിക്കുകയായിരുന്നു.

ക്രമരഹിതവും മതേതരവുമായിരുന്നു പാർഥിയൻ സാമ്രാജ്യമെങ്കിൽ അധികാരകേന്ദ്രീകൃതവും മതപരവുമായിരുന്നു സസാനീ പേർഷ്യ. സരതുഷ്ട മത(ദീ​‍ൃമ​‍െ​‍്ശമിശ​‍ൊ)ത്തിനായിരുന്നു അവിടെ ആധിപത്യം.
പേർഷ്യയും റോമും എന്നും ബദ്ധവൈരികളായിരുന്നു. ഭൂമിക്കുവേണ്ടിയും അല്ലാതെയും പോരടിക്കലാണ്‌ അവരുടെ പതിവ്‌. അർദശീർ ഒന്നാമന്റെ കാലത്തും യുദ്ധം അരങ്ങേറി. അർമീനിയ സ്വായത്തമാക്കലായിരുന്നു അതിന്റെ കലാശം. താമസിയാതെ റോമിന്റെ ഭരണപ്രദേശങ്ങളായ സിറിയയും തുർക്കിയും കീഴടക്കപ്പെട്ടു. മതകാര്യങ്ങളിൽ പ്രബുദ്ധരായിരുന്ന അവർ അഗ്നിക്ഷേത്രങ്ങൽ നിർമിച്ച്‌ അവയെ പവിത്രമാക്കി. പക്ഷേ, തികഞ്ഞ അവഗണനയും സ്വവർഗ പക്ഷപാതവുമായിരുന്നു ഇവരുടെ മുഖമുദ്ര. ഗവർണർമാരായും അധീശാധിപതികളായും സ്വന്തം വംശത്തിലെ അംഗങ്ങൾ മാത്രമേ തെരഞ്ഞെടുക്കപ്പെട്ടിരുന്നുള്ളൂ. ഉമർ ഖയ്യാമിന്റെ റുബാഇയ്യാത്തിൽ പ്രതിപാദിച്ച ബഹ്‌റാമും നീതിമാനായ അനൂശിർവാൻ എന്നറിയപ്പെടുന്ന ഖുസ്രു ഒന്നാമനുമാണ്‌ പ്രസിദ്ധരായ മറ്റു സസാനിയൻ ഭരണാധികാരികൾ. ഭരണ-പരിഷ്കാര രംഗങ്ങളിലും പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്ന ഇദ്ദേഹമായിരുന്നു തിരുമേനി � യുടെ അവതരണകാലത്തെ പേർഷ്യൻ ഭരണാധികാരി. നിയമനിർമാണത്തിലും നികുതി സംവിധാനത്തിലും നിർമാണപ്രവർത്തന രംഗത്തും അദ്ദേഹത്തിന്റെ സംഭാവനകൾ അദ്വിതീയമാണ്‌.

ശേഷം വന്ന ഖുസ്രു പർവേസാ(590-628)ണ്‌ പേർഷ്യൻ സംസ്കാരത്തിന്‌ ഒരു കലാത്മക മുഖം നൽകുന്നത്‌. ടെസിഫോണും ഫിറോസാബാദും ഗംഭീര പട്ടണങ്ങളാക്കി മാറ്റിയ അദ്ദേഹം തന്റെ ഭരണത്തിലൂടെ മുഖ്യമായും ലക്ഷീകരിച്ചിരുന്നത്‌ കലാപരമായ മുന്നേറ്റമായിരുന്നു. അതുകൊണ്ടുതന്നെ ലോഹനിർമാണം, വാസ്തുവിദ്യ, കൊത്തുപണി, വസ്ത്ര നിർമാണം തുടങ്ങിയ പ്രോത്സാഹിപ്പിക്കപ്പെട്ടു. നാടിന്റെ നാനാഭാഗത്തും കൊത്തുപണികളും വാസ്തുശിൽപങ്ങളും സാർവത്രികമായി. പക്ഷേ, ഈ ഭരണം ഏറെ നീണ്ടുനിന്നില്ല. ധർമബോധത്തിന്റെ ധീരശബ്ദുമായി ഇരച്ചുകയറിവന്ന മുസ്ലിംകൾക്കു മുമ്പിൽ എന്നെന്നേക്കുമായി അടിയറവ്‌ പറയേണ്ടിവരികയായിരുന്നു.

തിരുനബി � ഇസ്ലാമിക പ്രബോധനവുമായി രംഗം കൈയടക്കിയ ഘട്ടം. വിവിധ ഭാഗങ്ങളിൽ സ്വേച്ഛാധിപത്യം നടത്തിക്കൊണ്ടിരിക്കുന്ന രാജാക്കന്മാരെ ഇസ്ലാമിലേക്ക്‌ ക്ഷണിച്ച്‌ കത്തയച്ചവരുടെ പേർഷ്യൻ ചക്രവർത്തി ഖുസ്രു പർവേസിനും എഴുത്തയച്ചിരുന്നു. പക്ഷേ, ധിക്കാരിയും തെമ്മാടിയുമായിരുന്ന അദ്ദേഹത്തിനത്‌ തീരെ രസിച്ചില്ല. തന്റെ അധീശാധിപത്യത്തിനു മുമ്പിൽ ചോദ്യമുയർത്താൻ അവനാര്‌ എന്ന ചിന്താഗതിയോടെ ഏറെ പുച്ഛത്തോടും അതിലേറെ നിന്ദ്യതയോടും അത്‌ പിച്ചിച്ചീന്തി. താമസിയാതെ വിവരം തിരുമേനി � ക്കെത്തി. മനം നൊന്ത്‌ അവിടന്ന്‌ അനിയന്ത്രിതമായി പറഞ്ഞു: അല്ലാഹു അവന്റെ ഭരണം പിച്ചിച്ചീന്തട്ടെ. പിന്നെ കാത്തുനിൽക്കേണ്ടിവന്നില്ല. ചുരുങ്ങിയ ദിനങ്ങൾക്കുള്ളിൽ തന്നെ സ്വന്തം മകന്റെ കരങ്ങൾ കൊണ്ട്‌ അദ്ദേഹം വധിക്കപ്പെട്ടു.

സത്യത്തിൽ ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ഇതൊരു സുവർണാവസരമായിരുന്നു. സാമുദായിക വിപ്ലവങ്ങൾ കൊണ്ട്‌ അന്തരംഗം ചൂടുപിടിച്ച ജനങ്ങൾക്ക്‌ ഇസ്ലാമിനെക്കുറിച്ച്‌ പഠിക്കാനും അടുത്തറിയാനും ഇതവസരമൊരുക്കി. മാത്രമല്ല, ഏത്‌ പ്രാരാബ്ധങ്ങൾ സഹിച്ചും ജനങ്ങൾ ഇസ്ലാമിലേക്കൊഴുകിക്കൊണ്ടിരുന്നു. ഉമർ(റ)വിന്റെ ഭരണകാലം വന്നതോടെ ഇതിന്‌ ശക്തി കൂടി. ഒരേ സമയം പേർഷ്യക്കാരെയും റോമാക്കാരെയും നേരിടേണ്ടിയിരുന്നിട്ടും അത്ഭുതകരമായി പേർഷ്യയിൽ വിജയം കാണുകയായിരുന്നു. മുഹമ്മദുൽ ഖസ്‌വീനിയെന്ന ഇറാനിയൻ പണ്ഡിതൻ പറയുന്നു: സസാനിയൻ ഭരണകൂടത്തിന്റെ അടിത്തറ ഇളകിയതും പേർഷ്യൻ സൈന്യം ഇസ്ലാമിന്റെ മുമ്പിൽ രണ്ടോ മൂന്നോ തവണ പരാജയപ്പെട്ടതും കണ്ട ഇറാനിലെ വഞ്ചകരായ പ്രവിശ്യാ ഭരണാധികാരികളും അതിർത്തികാവൽക്കാരും മുസ്ലിംകളുടെ മടിത്തട്ടുകളിലേക്ക്‌ തങ്ങളെത്തന്നെ ഇട്ടുകൊടുക്കുകയായിരുന്നു. മുസ്ലിംകളെ വിജയിക്കാൻ സഹായങ്ങൾ അർപ്പിക്കുക മാത്രമല്ല, തങ്ങളുടെ അധീനത്തിലായിരുന്നതും അറബികൾ കടന്നുചെന്നിട്ടില്ലാത്തതുമായ പേർഷ്യൻ പേർഷ്യൻ ഭൂപ്രദേശങ്ങളുടെ ഭരണം ഏറ്റെടുക്കാൻ ക്ഷണിക്കുകകൂടി ചെയ്തു. തങ്ങളുടെ കൈവശമുണ്ടായിരുന്ന മേഖലകൾ തുറന്ന്‌ ഭരിക്കാൻ കോട്ടകളുടെയും ഖജനാവുകളുടെയും താക്കോൽതന്നെ ഏൽപിക്കുകയുണ്ടായി.

മാനുഷിക ചരിത്രത്തിലെ ഒരു അനിർവചനീയ നിമിഷമായിരുന്നു ഇത്‌. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇറാനിയൻ പീഠഭൂമിയിലെ കലാരീതികളും കെട്ടിട നിർമാണ കലയും ആത്മികതക്ക്‌ പ്രാധാന്യം നൽകുന്ന ഒരു ദർശനത്തിനു മുമ്പിൽ എത്തിപ്പെടുകയാണിവിടെ. ബി.സി. 4 മുതൽ തന്നെ കൊട്ടാരങ്ങളിൽ കമാനങ്ങൾ നിർമിച്ച്‌ അലങ്കരിക്കുകയും ആകർഷണീയമായ വിധത്തിൽ പിഞ്ഞാണപ്പാത്രങ്ങൾ തയ്യാറാക്കുകയും ചെയ്തിരുന്ന ഇവർ അറബികളെ സംബന്ധിച്ചിടത്തോളം ആത്മികതയില്ലാത്ത കലാരൂപങ്ങളുടെ പിതാക്കളായിരുന്നു. അതുകൊണ്ടുതന്നെയാണ്‌ മുസ്ലിം കലകളിൽ ഇവരുടെ സ്വാധീനം ഏറെ പ്രകടമാകുന്നതും.
പക്ഷേ, പേർഷ്യൻ കലയിലെ ദയനീയമായൊരു വസ്തുത കൊടിയ കുത്തക മനോഭാവമാണ്‌. കലകളും കലാകാരന്മാരും ഭരണനേതൃത്വത്തിന്റെ കളിപ്പാവകളായി മാത്രമാണ്‌ പരിഗണിക്കപ്പെട്ടത്‌. കലയുടെ സ്വകാര്യവൽക്കരണമെന്നതിലുപരി സാമൂഹ്യവൽക്കരണമെന്നത്‌ അവർക്ക്‌ ഓർക്കാനും പോലും കഴിഞ്ഞിരുന്നില്ല. രാജാക്കളിലോ സ്വാധീനമുള്ളവരിലോ മാത്രം ഒതുങ്ങിനിൽക്കുന്നവയായിരുന്നു അവരുടെ കലാരൂപങ്ങൾ.
ഇസ്ലാമിന്റെ ആഗമനം തീർച്ചയായും ഇതിനുള്ള ഒരു തിരിച്ചടിയായിരുന്നു. കൊട്ടാരത്തിൽ നിന്ന്‌ കലകളെ സമൂഹത്തിലേക്കിറക്കിവെക്കുകയായിരുന്നു അതിന്റെ ദൗത്യം. കൂടാതെ സന്ദേശ പ്രസരണത്തിനും ആശയ വിനിമയത്തിനും ഇസ്ലാമിക ലോകത്ത്‌ കലകൾ ഉപയോഗിച്ചുപോന്നു. എല്ലാറ്റിലുമുപരി അജ്ഞരായ ഗ്രാമവാസികളിൽവരെ സൗന്ദര്യബോധവും കലാസ്വാദന മാർഗവും സംജാതമാക്കി. കലകളുടെ ഭൗതിക മുഖത്ത്‌ ജനകീയവൽക്കരണം നടത്തി.

ബൈസാന്തിയൻ കലയാണ്‌ മുസ്ലിം കലാകാരന്മാർക്ക്‌ അഭിമുഖീകരിക്കേണ്ടിവന്ന മറ്റൊരു വസ്തുത. പടിഞ്ഞാറിലെ റോമൻ പതനത്തിനു ശേഷം കിഴക്കൻ റോമിൽ ഉടലെടുത്ത ഒരു രീതിയാണിത്‌. ക്രി. 330 ൽ കോൺസ്റ്റന്റൈൻ ചക്രവർത്തി ബോസ്ഫറിനടുത്ത്‌ കോൺസ്റ്റന്റിനോപ്പിൾ ആസ്ഥാനമാക്കിയാണതിന്റെ തുടക്കം. ബദ്ധവൈരിയായ സസാനിയൻ സാമ്രാജ്യത്തെപ്പോലെത്തന്നെ കലാപരമായ പുരോഗതിയിൽ ഏറെ ശ്രദ്ധാലുക്കളായിരുന്നു ഇവരും. ശിൽപകല, ചുമർ ചിത്രകല, കൊത്തുവേല തുടങ്ങിയവയിൽ ആയിരം വർഷത്തോളം അവർ നൽകിയ സംഭാവനകൾ കലാചരിത്രത്തിനൊരിക്കലും വിസ്മരിക്കാവതല്ല. ബൈസാന്തിയൻ ഹിസ്റ്റോറിയനായി അറിയപ്പെടുന്ന പ്രോകോപിയസ്‌ (ജൃ​‍ീരീ​‍ുശൗ​‍െ) തന്നെ തന്റെ കെട്ടിട്‌അങ്ങൾ (ആ​‍ൗശഹറശിഴ​‍െ) എന്ന ലഘുലേഖയിൽ ഇവ തുറന്നുപറയുന്നുണ്ട്‌. റോമിലെ കലാംശങ്ങൾ മുറ്റിനിൽക്കുന്ന സൗധങ്ങൾ, തെരുവുകൾ, ഓവുചാലുകൾ, ജലധാര, കുളിമുറികൾ തുടങ്ങിയവയാണ്‌ അദ്ദേഹത്തിന്റെ ചർച്ചാ വിഷയം.

ശിൽപകല, ചുമർചിത്രങ്ങൾ തുടങ്ങിയ അവർ തുടങ്ങിവെച്ച പല കലാരൂപങ്ങളും പിന്നീട്‌ മുസ്ലിംകളെ നല്ലപോലെ സ്വാധീനിക്കുകയുണ്ടായി. കെട്ടിടത്തിന്റെ മധ്യത്തിൽ മുകൾതലപ്പിലുള്ള കുംഭഗോളകവും ഉള്ളിലെ സമാന്തര സ്തംഭങ്ങൾക്കിടയിലെ കമാനങ്ങളും അവർ തുടങ്ങിവെച്ച മാതൃകകളായിരന്നു. മുഖ്യമായും ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ബൈസാന്തിയൻ കലകളും സംഗമിച്ചിരുന്നത്‌. റാവന്നെയിലെ സാൻവിറ്റലെ, അവിടത്തന്നെയുള്ള അപ്പോളിനയർ പള്ളി, കോൺസ്റ്റന്റിനോപ്പിളിലെ ഹേഗിയാസോഫിയ തുടങ്ങിയവ ഇവയുടെ ചില അതുല്യ രൂപങ്ങളാണ്‌.

പള്ളിയുടെ അന്തർഭാഗ ചുമരാലങ്കാരമാണ്‌ ഇവർ പരിഗണിച്ച മറ്റൊരു സൗന്ദര്യ രൂപം. ക്രിസ്ത്യൻ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ജലഛായ ചിത്രങ്ങൾ, മൊസൈക്ക്‌ രൂപങ്ങൾ എന്നിവയായിരുന്നു ഇതിനവർ ഉപയോഗിച്ചിരുന്നത്‌. കൂടാതെ സിംഹാസനാലങ്കാരത്തിനും കളിപ്പാട്ട നിർമാണത്തിനും ആനക്കൊമ്പുകളും ഉപയോഗപ്പെടുത്തിയിരുന്നു. നൂറ്റാണ്ടുകളോളം ശിൽപകലാരംഗത്ത്‌ രാജപാതയൊരുക്കിയ ഇവരുടെ സുവർണകാലമായി അറിയപ്പെടുന്നത്‌ തിരുമേനി � അവതരിച്ച ആറാം നൂറ്റാണ്ടാണ്‌.
പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ ഉസ്മാനികൾ (തുർക്കികൾ) കോൺസ്റ്റന്റിനോപ്പിൽ കീഴടക്കുന്നതുവരെ റോമാസാമ്ര്യാജ്യം പുഷ്ടിപ്പെട്ടിരുന്നുവെങ്കിലും ആറാം നൂറ്റാണ്ടിന്റെ ഏകദേശം മധ്യമായതോടെത്തന്നെ ബൈസാന്തിയൻ കലക്ക്‌ മങ്ങലേൽക്കാൻ തുടങ്ങിയിരുന്നു. 541-42 കാലങ്ങളിൽ ഈജിപ്ത്‌, സിറിയ, ഏഷ്യാ മൈനർ, കോൺസ്റ്റന്റിനോപ്പിൾ തുടങ്ങിയിടങ്ങളിൽ പടർന്നുപിടിച്ച മാറാവ്യാധികളും സസാനിയൻ സാമ്രാജ്യങ്ങളുമായി ഇടക്കിടെയുണ്ടായ പോരാട്ടങ്ങളുമായിരുന്നു ഇതിനു കാരണം.
ഇതര ബന്ധങ്ങളെപ്പോലെത്തന്നെ കലയിലും വാസ്തുവിദ്യയിലും ബൈസാന്തിയൻ-സസാനിയൻ ബന്ധം പ്രകടമാണ്‌. യുദ്ധങ്ങളിൽ പിടിക്കപ്പെടുന്നവരെപ്പോലും റോമൻ നിർമാണ രഹസ്യങ്ങൾ കണ്ടെത്താനായിരുന്നു സസാനിയൻ പടയാളികൾ ഉപയോഗപ്പെടുത്തിയിരുന്നത്‌. കാലക്രമേണ പല ബൈസാന്തിയൻ ശിൽപികളും പേർഷ്യൻ കലാമേധാവികളായി. ഉന്നത പ്രഭാഷകർ വരെ ഇങ്ങനെ അവിടെ എത്തിപ്പെട്ടു. ഈ കാലഘട്ടത്തിലാണ്‌ റോമൻ നഗരങ്ങളിൽ ഏറെ പ്രശസ്തി നേടിയ വള്ളി പോലെയുള്ള അലങ്കാരപ്പണി (ടരൃ​‍ീഹഹശിഴ ഢശില) പോലും സസാനികൾ തിരിച്ചറിയുന്നത്‌. അറബെസ്ഖ്‌ എന്ന ഒരു പരിഷ്കൃത രൂപമായായിരുന്നു ഇസ്ലാമിലക ലോകത്ത്‌ ഇതിന്റെ പ്രചാരം. നാലാം നൂറ്റാണ്ടിലെ ഇവരുടെ കലാമാതൃകകൾ ലണ്ടനിലെ ബ്രിട്ടീഷ്‌ മ്യൂസിയത്തിൽ ഇന്നും ദൃശ്യമാണ്‌.

ഇസ്ലാമിനു മുമ്പത്തെ അറേബ്യൻ സംസ്കാരമാണ്‌ ഇസ്ലാമിക കലയെക്കുറിച്ച്‌ പറയുമ്പോൾ ചർച്ച ചെയ്യപ്പെടേണ്ട മറ്റൊരു കാര്യം. പൊതുവെ സ്ഥിരവാസമില്ലാതെ അലഞ്ഞുനടക്കുന്നവരായിരുന്നുവെങ്കിലും സമകാലിക ലോകത്ത്‌ വേറിട്ടൊരു ശബ്ദമായിരുന്നു അവരുടേത്‌. അറേബ്യൻ ഉപദ്വീപിന്റെ അതിർത്തികളും വിട്ട്‌ പുറത്തേക്ക്‌ പ്രചരിക്കാൻ തുടങ്ങിയ ഇതിന്റെ ആദ്യരൂപം ഇന്ന്‌ ജോർദു സ്ഥിതി ചെയ്യുന്നിടത്തെ പെട്രാസിറ്റി(ജല​‍്മ ഇശ​‍്യേ)യായിരുന്നത്രെ. ബി.സി. 200 മുതൽ എ.ഡി. 106 വരെ തഴച്ചുവളർന്നിരുന്ന ഇത്‌ അറബ്‌ നാഗരികതയോടും വിശ്വാസത്തോടും താദാത്മ്യം പ്രാപിക്കുന്ന അലഞ്ഞുനടക്കുന്നവരല്ലാത്ത ഒരു സമൂഹത്തെ കേന്ദ്രീകരിച്ചായിരുന്നു. അറബ്‌ നബാത്തിയൻ സാമ്രാജ്യമെന്നാണ്‌ ഇത്‌ പൊതുവെ വിളിക്കപ്പെട്ടിരുന്നത്‌ (അ​‍ൃമയ ചമയമമേലമി ഋ​‍ാ​‍ുശൃല). ഇന്ത്യയുമായും ചൈനയുമായും വ്യാവസായിക ബന്ധമുണ്ടായിരുന്ന ഇവരുടെ വിഹാരഭൂമി പ്രത്യേക നാഗരികതയുടെ ഉറവിടമായിരുന്ന മെഡിറ്ററേനിയൻവരെ നീണ്ടുകിടന്നു. അതുകൊണ്ടുതന്നെ പെട്രയുടെ സംസ്കാരത്തിലും കലയിലും വാസ്തുവിദ്യയിലും മെക്സിറ്ററേനിയൻ സ്വാധീനം അൽപമായെങ്കിലും ദൃശ്യമായിരുന്നു.
ഹി. രണ്ടായപ്പോഴേക്കും പാൽമിറ(ജമഹാ​‍്യൃമ)യെന്ന സാംസ്കാരിക നഗരം പെട്രയെ വെല്ലുമാർ വളർന്നുകഴിഞ്ഞിരുന്നു. ഡമസ്കസിനും യൂഫ്രട്ടീസിനുമിടക്ക്‌ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം തദ്മൂർ (ഠമറാ​‍ൗ​‍ൃ) എന്ന നാമത്തിലാണ്‌ മുസ്ലിം ലോകത്ത്‌ അറിയപ്പെട്ടിരുന്നത്‌. 634-ഓടെ ഇത്‌ മുസ്ലിം കരങ്ങളിൽ എത്തിപ്പെടുകയുണ്ടായി.

സസാനിയൻ പിൻബലത്തോടെ വന്ന ലഖ്മികളാണ്‌ മറ്റൊരു ശക്തി. ക്രൈസ്തവ അറബിക(ഇവൃശ​‍െമേശി അ​‍ൃമയ​‍െ)ളായി അറിയപ്പെട്ട്‌ഇരുന്ന ഇവർ ഹിറ(ഒശൃമ) ആസ്ഥാനമാക്കിയായിരുന്നു പ്രവർത്തിച്ചിരുന്നത്‌. ഏകദേശം ആധുനിക പടിഞ്ഞാറൻ ഇറാഖിനോടാണ്‌ ഇതിന്റെ ബന്ധം.
ഇസ്ലാമിക കലയുടെ ഉയിർത്തെഴുന്നേൽപിനു മുമ്പ്‌ ഇസ്ലാമിന്റെ ജന്മനാടായ ജസീറതുൽ അറബുമായി ബന്ധപ്പെട്ട ലോകത്തിലെ കലാത്മക മുഖം നാം തിരിച്ചറിയുന്നു. പിന്നീട്‌ ഇസ്ലാം ഏതു മാർഗമാണ്‌ സ്വീകരിച്ചതെന്നും ഇതിൽ നിന്ന്‌ നാം വിലയിരുത്തുന്നു. ഇത്തരുണത്തിൽ വിശ്വമുഖത്ത്‌ നിർമാണ-കലാ വിഷയങ്ങളിൽ ലബ്ധപ്രതിഷ്ഠരായ ചിലരുടെ തിരോധാനത്തെക്കുറിച്ചുള്ള വിശുദ്ധ ഖുർആനിന്റെ ചില സൂക്തങ്ങളാണ്‌ ഏറെ പ്രസ്താവ്യം. ഫജ്ര് സൂറയിലെ ഒരു വാക്യം: ആദ്‌ സമുദായത്തെ നിന്റെ രക്ഷിതാവ്‌ എങ്ങനെ കൈകാര്യം ചെയ്തുവെന്ന്‌ നീ കണ്ടില്ലേ… അഥവാ, തൂണുകളുടെ ഉടമകളായ നിസ്തുലമായ ഇറം ഗോത്രത്തെ-താഴ്‌വരയിൽ പാറവെട്ടി കെട്ടിടമുണ്ടാക്കിയ സമൂദ്‌ ഗോത്രത്തെ-ആണികളുടെ ആളായ ഫിർഔനിനെ… (89:6-10). കലകളോട്‌ നീതി കാണിക്കാത്തതിൽ, നിർമാണ കലയിലെ അനുഗ്രഹങ്ങൾക്ക്‌ കൃതാർഥത കാണിക്കാത്തതിൽ അവർ ശിക്ഷിക്കപ്പെടുകയായിരുന്നു.

രണ്ട്, ആത്മാവിന്‍റെ അന്തര്‍ഗതങ്ങള്‍

ആത്മാവിന്റെ അന്തർഗതങ്ങൾ

ദ്രഷ്ടാവിന്‌ സ്രഷ്ടാവിനോടുള്ള വിധേയത്വമേറ്റുന്നവിധം സ്വന്തത്തെക്കുറിച്ച അവബോധം നൽകാൻ ശക്തമാണ്‌ ഇസ്ലാമിൽ കല. മനുഷ്യന്റെ ആത്മപരതയും ബുദ്ധിപരതയുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഇത്‌ ധിഷണാശാലികളായ ശിൽപികൾ ദൈവത്തിലേക്ക്‌ തീർത്ത നൂൽപാലങ്ങളാണ്‌. ആത്മസംഘർഷങ്ങളുടെ നടുത്തളത്തിൽ വ്യഥപൂണ്ട്‌ ഉഴറുന്ന മനുഷ്യനെ നിർവൃതിയുടെ നിതാന്തത്തയിലേക്ക്‌ ആനയിക്കുകയാണ്‌ ഇവ ചെയ്യുന്നത്‌. നിരൂപണാത്മകത എന്നതിലുപരി സുകൃത്യബോധവും അനുസരണമനോഭാവവുമാണ്‌ ഇവിടെ ഒരു വിശ്വാസിയുടെ കൈമുതൽ.

ഇസ്ലാമിക ദൃഷ്ട്യാ അല്ലാഹു സുന്ദരനാണെന്നും അവൻ സൗകുമാര്യത്തെ ഇഷ്ടപ്പെടുന്നുവേന്നുമുള്ള നബിവചനവും ‘അല്ലാഹു നൽകിയ വർണമാകുന്നു (നമ്മുടേത്‌). അവനേക്കാൾ നന്നായി വർണം നൽകുന്നവൻ ആരുണ്ട്‌? അവനെയാണ്‌ ഞങ്ങൾ ആരാധിക്കുന്നത്‌’ (വിശുദ്ധ ഖുർആൻ 2:138) എന്ന ഖുർആൻ വാക്യവുമാണ്‌ ഇസ്ലാമിക കലയുടെ ആത്മാവ്‌. ഈ സമീപനം കണ്ടായിരുന്നു സ്വൂഫികളും ജ്ഞാനികളും ഈ രംഗത്തേക്ക്‌ ആകൃഷ്ടരായത്‌. ജൈവസത്തയും അതിന്റെ ഗർഭരഹസ്യങ്ങളും അറിയലായിരുന്നു അവരുടെ മുഖ്യലക്ഷ്യം.
ഇസ്ലാമിക കലയുടെ ആന്തരിക തലം തേടി പഠനം നടത്തിയ ജ്ഞാനികൾ പറയുന്നത്‌, ദൈവബോധത്തിന്റെ തനിപ്പകർപ്പാണ്‌ കലകളെന്നാണ്‌. ഒരു ദൈവഭക്തനെ സംബന്ധിച്ചിടത്തോളം നിർവൃതി നൽകുന്ന ഗുരു കണക്കെയാണിവിടെ കല. അത്‌ ദ്രഷ്ടാവിലും കലാകാരനിലും ദിവ്യാനുഭൂതി പകർന്നുനൽകുന്നു. സയ്യിദ്‌ ഹുസൈൻ നസൃ അഭിപ്രായപ്പെട്ടപോലെ ഇസ്‌ലാമിന്റെ അധ്യാത്മികതയാണിവിടെ കലയുടെ ഉറവിടം. അവിടെ നിന്നാണ്‌ ലോകോത്തര തലങ്ങളിലേക്ക്‌ മതാശയ നിബദ്ധമായ കലകൾ വ്യാപിച്ചതു.

വിശിഷ്യാ 19-​‍ാം നൂറ്റാണ്ടോടെയാണ്‌ ഇസ്ലാമിക കല യൂറോപ്യൻ സാംസ്കാരിക കേന്ദ്രങ്ങളിലെ ചർച്ചകൾക്ക്‌ വിഷയീഭവിക്കുന്നത്‌. അതിനു മുമ്പും പലതും നടന്നിരുന്നുവേങ്കിലും ഇത്രമാത്രം നിരൂപണാത്മകവും കാർക്കശ്യപൂർണവുമായ ഒരു സമീപനമുണ്ടായിരുന്നില്ല. ഏതായിരുന്നാലും ഈ സമീക്ഷളിലൂടെ അവർ തിരിച്ചറിഞ്ഞിരുന്നത്‌ എവിടെയും വ്യതിരിക്ത ഭാവത്തോടെ തിളങ്ങിനിൽക്കുന്ന ഈ കലാരൂപങ്ങൾക്ക്‌ ഉജ്ജ്വലത നിവേദിക്കുന്നത്‌ ഒരിക്കലും അവയുടെ നിർമാണത്തിന്‌ ഉപയോഗിക്കപ്പെട്ട പദാർഥങ്ങളല്ല, മറിച്ച്‌ അവയിൽ ഒളിഞ്ഞുകിടക്കുന്ന ഒരനിർവചനീയ ശക്തിയാണ്‌ എന്നാണ്‌. ഇത്‌ ഒരേ ഖാനിയിൽ നിന്നെടുത്ത പദാർഥങ്ങളുടെ അനന്തരഫലമായാലും അവസ്ഥ ഇതുതന്നെ. ഉദാഹരണത്തിന്‌ ഒരേ കോറിയിൽ നിന്നെടുത്ത പാറക്കഷ്ണങ്ങൾ കൊണ്ട്‌ രൂപപ്പെടുത്തിയ ഒരു ക്രൈസ്തവ മഠവും ഹൈന്ദവ ക്ഷേത്രവും വ്യത്യാസമുണ്ട്‌. അവയുടെ രൂപവും ഭാവവും വാസ്തുകലയും ശിൽപഭംഗിയും പരസ്പരം താദാമ്യം പ്രാപിക്കുന്നതാണെങ്കിലും അവയെ ആന്തരികമായി വകതിരിക്കുന്ന ഒരു സത്ത അവയിൽ അടങ്ങിയിരിക്കുന്നു.

ഇസ്ലാമിക ദർപ്പണത്തിൽ ഈ സങ്കൽപത്തെ അനാവരണം ചെയ്യുമ്പോഴാണ്‌ ഈ വസ്തുത ഏറെ പ്രകടമാകുന്നത്‌. ഡമസ്കസിലെ അമീപ മസ്ജിദിനോ ഖൈറുവാനിലെ ജാമീ മസ്ജിദിനോ ലഭിക്കുന്ന അംഗീകാരവും ആദരവും ഒരുപക്ഷേ, ഏതെങ്കിലും അമുസ്ലിം ദേവാലയങ്ങൾക്ക്‌ ലഭിക്കണമെന്നില്ല. ഇത്‌ ഒരേ ഖാനിയുടെ സൃഷ്ടിയാണെങ്കിലും ശരി. വ്യത്യസ്ത മതങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്ന വിശ്വാസങ്ങളുടെയും സത്യമതത്തിന്റെ വീക്ഷണങ്ങളുടെയും നിലപാടുകളാണിവ. അവ കേവല-ആപേക്ഷിക അനുമാനങ്ങളാണെങ്കിലും ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ഇതൊരു പരമ യാഥാർത്ഥ്യമാണ്‌. ഇസ്ലാമിക കലയുടെ സ്വൂഫീസ്പർശത്തിൽ വിശ്വസിക്കുന്നവർ പറയുന്നതനുസരിച്ച്‌ വ്യക്തി ബാധ്യതകളായ ആരാധനകൾ പോലെ ദൈവവുമായി ബന്ധിച്ചിരിക്കുന്നതാണത്രെ ഈ കല. ഖുർആൻ അനുശാസിക്കുന്ന ധ്യാനത്തിനും ഇതിനോട്‌ അഭേദ്യമായ ബന്ധമുണ്ട്‌. എന്നാൽ ചിലർ ഈ രംഗത്തെ ന്യായീകരിക്കുന്നത്‌ രാഷ്ട്രീയവും സാമൂഹികവുമായിട്ടാണ്‌. അവർ പറയുന്നത്‌ ഇസ്‌ലാമിക കല മതത്തിന്റെ സാമൂഹിക-രാഷ്ട്രീയ സമീപന(ടീരശീ​‍ു​‍ീഹശശേരമഹ മു​‍ു​‍ൃ​‍ീമരവ)ത്തിൽ നിന്ന്‌ ഉടലെടുത്തത്താണെന്നത്രെ. ഈ ഇടപെടലുകളുടെ നൈരന്തര്യത്തിൽ വന്നതാണത്രെ ഈ ശൈലികളും ആകാരങ്ങളും. എന്നാൽ വസ്തുത മറിച്ചാണ്‌. മനുഷ്യന്റെ സൗന്ദര്യബോധവും ദൈവത്തിന്റെ കലാപ്രേമവുമാണ്‌ ഇതിന്‌ അസ്തിവാരമിട്ടത്‌. മതമാകട്ടെ, ഇതിനെ താളഭംഗങ്ങളിൽ നിന്ന്‌ നിയന്ത്രിക്കുകയാണ്‌ ചെയ്യുന്നത്‌. യവനദാർശനികരുടെ ഭാഷയിൽ പറഞ്ഞാൽ ദൈവത്തിന്റെ സർഗപ്രതിഭ കണ്ടെത്താനുള്ള മനുഷ്യന്റെ ശ്രമങ്ങളാണ്‌ കലകൾ. അല്ലെങ്കിൽ, മനുഷ്യനു മുമ്പിൽ വിസ്മയങ്ങളുടെ പരവതാനി വിരിച്ച്‌ വിളങ്ങിനിൽക്കുന്ന ഭൂമിയുടെയും നീലാകാശത്തിന്റെയും പിന്നിലെ അദൃശ്യകരങ്ങളിലെ ഐന്ദ്രജാലികതയെ അനുകരിക്കാനുള്ള മനുഷ്യന്റെ വെമ്പലുകളാണിവ.

ഏതായിരുന്നാലും ദൈവബോധമുള്ള വിശ്വാസിയെ സംബന്ധിച്ചിടത്തോളം ദൈവിക സിംഹാസനത്തിലേക്ക്‌ തിരിച്ചുവെച്ച ഒരു ഭൗമിക കണ്ണാടിയാണ്‌ ഇസ്ലാമിക കല. അത്‌ വീക്ഷിക്കുമ്പോഴും കണ്ണിൽ പെടുമ്പോഴും അവനറിയാതെ ദൈവിക സാന്നിധ്യത്തിൽ ഉൽബുദ്ധനാകുന്നു. ഇവിടെ മാനുഷിക ഹൃദയങ്ങളിൽ ഉത്ഭൂതമാകുന്ന ദിവ്യസന്ദേശങ്ങളുടെയും സാക്ഷാൽ കലയുടെയും ഇടയിലെ ബന്ധമാണ്‌ വ്യക്തമാവുന്നത്‌. മാനുഷിക ജീവിതത്തിന്റെ വഴിത്താരകളായ ത്രിരൂപങ്ങളുടെ (ശരീഅത്ത്‌, ഥരീഖത്ത്‌, ഹഖീഖത്ത്‌) സിദ്ധിയെന്നപോലെത്തന്നെ ഇവിടെയും ദൈവികതയിലൂടെയുള്ള ഒരു പലായനത്തിന്റെ ഒടുക്കമാണ്‌ ഇസ്ലാമിക കല.
ഇങ്ങനെ വരുമ്പോൾ ഒരു സ്വൂഫിയുടെ റോളാണ്‌ ഒരു യഥാർഥ കലാകാരൻ (ഒരുവിധത്തിൽ) അഭിനയിച്ചുകൊണ്ടിരിക്കുന്നത്‌. നിരന്തരമായി അവൻ ശിൽപകല, അലങ്കാരവേല, ഛായാചിത്രങ്ങൾ, ഉദ്യാന നിർമാണം, കവിതാ രചന, കഥാഖ്യാനം എന്നിവയുമായി ആത്മികബോധത്തോടെ ഇടപെട്ടുകൊണ്ടിരിക്കുമ്പോൾ അവന്റെ മനസ്സ്‌ എന്തും ഉൾക്കൊള്ളാനും അംഗീകരിക്കാനും കൊള്ളാവുന്ന പരുവത്തിലാകുന്നു. ഖുർആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിൽ കലാകാരന്റെ ആത്മാവ്‌ പാകപ്പെടുത്താനുള്ള അല്ലാഹുവിന്റെ വിക്രിയകളാണവ. അഥവാ കലാകാരന്റെയും പ്രേക്ഷകരുടെയും മുമ്പിൽ ആധ്യാത്മികതയിലേക്കുള്ള സോപാനങ്ങൾ ഒരുക്കപ്പെടുകയാണ്‌. ഇവിടെ ഇസ്ലാമിക പാരമ്പര്യത്തിന്റെ ആന്തരിക മാനത്തിലും പ്രസ്തുത കലക്ക്‌ ജന്മം നൽകുകയും കാലങ്ങളിലൂടെ അതിനെ നിലനിറുത്തുകയും അതിന്‌ കണ്ണഞ്ചിപ്പിക്കുന്ന ഏകത്വവും മദിപ്പിക്കുന്ന ആന്തരപരതയും സുസാധ്യമാക്കുകയും ചെയ്ത ശക്തിവിശേഷത്തിലുമാണ്‌ ഇസ്ലാമിന്റെ കലയുടെ പ്രഭവം അന്വേഷിക്കേണ്ടത്‌. ഖുർആനിന്റെ ആന്തരിക യാഥാർത്ഥ്യങ്ങളും (ഹഖാഇഖ) പ്രവാചകരുടെ അനുഗ്രഹപ്രസരവു(ബറക​‍ാമാണ്‌ ഇതിൽ തെളിഞ്ഞുവരുന്നത്‌.

അല്ലെങ്കിൽ കലാരൂപങ്ങൾ ദൈവസൃഷ്ടികൾ തന്നെയാണ്‌. വൃഥാ അവയൊന്നും രൂപകൽപന ചെയ്യപ്പെടുകയില്ല. സദ്‌വൃത്തരുടെ വിശേഷണങ്ങൾ പറയവെ വിശുദ്ധ ഖുർആൻ സൂചിപ്പിക്കുന്നത്‌ ഇതാണ്‌: നിന്നു കൊണ്ടും ഇരുന്നുകൊണ്ടും കിടന്നുകൊണ്ടും അല്ലാഹുവിനെ സ്മരിക്കുകയും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവർ. (അവർ പറയും:) ഞങ്ങളുടെ രക്ഷിതാവേ, നീ നിരർഥകമായി സൃഷ്ടിച്ചതല്ല ഇതൊന്നും. നീ എത്രയോ പരിശുദ്ധൻ! അതിനാൽ നരകശിക്ഷയിൽ നിന്ന്‌ ഞങ്ങളെ നീ കാത്തുരക്ഷിക്കേണമേ (3:191).

കലകളുടെ ബാഹ്യതയിൽ നിന്ന്‌ ആന്തരികതയിലേക്ക്‌ മടങ്ങാനാണ്‌ ഇത്‌ നമ്മെ പ്രേരിപ്പിക്കുന്നത്‌. നമ്മുടെ കൈയകലത്തിൽ വിസ്തരിച്ചുകിടക്കുന്ന ചരാചരങ്ങളിൽ അന്തർലീനമായി നിലകൊള്ളുന്ന ഒരുൺമയെ കണ്ടെത്തുന്നതിലേക്കാണ്‌ ഇത്‌ നമ്മെ വഴിനടത്തുക. കാലാന്തരത്തിൽ എണ്ണമറ്റ സൃഷ്ടികൾക്ക്‌ സന്ദേശങ്ങളുടെ ഹാരമണിയിച്ച ഈ രൂപങ്ങൾ വ്യക്തിയിലും അതേ വികാരങ്ങൾ തന്നെയാണ്‌ ഉളവാക്കുന്നത്‌. എല്ലാറ്റിന്റെയും മൂലമായ ഏകത്വത്തിന്റെ സർവ വ്യാപീസ്വഭാവമാണ്‌ ഇതിന്‌ കാരണം. നിങ്ങൾ എങ്ങോട്ടു തിരിഞ്ഞാലും അവിടെ ദൈവസാന്നിധ്യമുണ്ടെന്ന ഖുർആനിക വചനത്തിന്റെ സാധൂകരണമാണിത്‌. നക്ഷത്രങ്ങളായാലും തരുലതാദികളായാലും കണ്ണെത്താ ദൂരത്തേക്ക്‌ നീണ്ടുകിടക്കുന്ന പാരാവാരങ്ങളായാലും ദൈവാസ്തിക്യത്തിന്റെ കലാപര സന്ദേങ്ങളാണ്‌ അവയിൽ കുമിഞ്ഞുകൊണ്ടിരിക്കുന്നത്‌. പ്രാചീന സംസ്കാരങ്ങളിൽ അനുകരിക്കപ്പെട്ട പോലെ ഏതെങ്കിലും മിത്തുകളോ ഇതിഹാസങ്ങളോ അവയിലെ നായകന്മാരോ അല്ല ഇസ്ലാമിക കലയിലെ അവലംബങ്ങൾ. മറിച്ച്‌ ഖുർആനിന്റെയും തിരുസുന്നത്തിന്റെയും മുമ്പിൽ വിരിയുന്ന ചില കാവ്യങ്ങളും സംഗീതങ്ങളുമാണ്‌. ഏത്‌ ശിലാഹൃദയനെയും മുട്ടുകുത്തിക്കുന്നതാണിതിന്റെ ശൈലി. കാലിഗ്രാഫി, വാസ്തു ശിൽപങ്ങൾ പോലോത്തത്താകട്ടെ, കണ്ണുകൾക്കും അവയവങ്ങൾക്കും കരുത്തും ഓജസ്സും പകരുന്നതാണ്‌.

മുഖ്യമായും പള്ളികളും കൊട്ടാരങ്ങളുമായിരുന്നു ആദ്യകാലം മുതലേ ഇസ്ലാമിക കലയുടെ സങ്കേത ഭൂമി. ന്യായമായും ഇതിന്‌ ചില കാരണങ്ങളുണ്ട്‌. ഇവ കേന്ദ്രീകരിച്ചായിരുന്നു എന്നും ദീൻകാര്യങ്ങൾ പിടിച്ചുനിന്നിരുന്നത്‌. ഖുർആൻ പാരായണത്തിന്റെയും ദൈവിക സ്മരണകളുടെയും അനുയുക്ത്‌അ സ്ഥലം പള്ളിയായപ്പോൾ അവിടെ കാലിഗ്രാഫിയും വാസ്തുകലയും തഴച്ചുവളർന്നു. അവയുടെ പരിപാലനവും സംരക്ഷണവും കൊട്ടാരവാസികളുടെ അടുത്തായതിനാൽ മിനിയേച്ചറുകൾ, കാവ്യങ്ങൾ, പെയിന്റിങ്ങുകൾ തുടങ്ങിയവ അവിടെ പുഷ്ടിപ്പെട്ടു. ഇവിടെ രാജസദസ്സിന്റെ പ്രസക്തിയാണ്‌ വർധിക്കുന്നത്‌. സ്വൂഫികളെക്കൊണ്ടും കവികളെക്കൊണ്ടും ധന്യമായിരുന്നു അത്‌. സുഭിക്ഷ ജീവിതമെന്നതിലുപരി അവിടെ ഒരു ഇസ്ലാമിക അന്തരീക്ഷം സൃഷ്ടിക്കലായിരുന്നു അവരുടെ ദൗത്യം.

ഏതായിരുന്നാലും, ഇസ്ലാമിക നാഗരികതയിൽ ഉരുവം പ്രാപിക്കുകയും അന്യ നാഗരികതകളിൽ നിന്ന്‌ പ്രതിഭാധനരായ മുസ്ലിം കലാകാരന്മാർ സ്വാംശീകരിച്ച്‌ സവിശേഷമായ ഒരു ഇസ്ലാമിക സ്പർശം നൽകിതയുമായ ഈ കലാരൂപങ്ങൾ ഒരു പൈതൃകധന്യമായ സമൂഹത്തിലെ ആത്മാഭിമാനത്തിന്റെ ഉൾവിളികളാണ്‌. ഈ പദം സൂചിപ്പിക്കുന്നപോലെത്തന്നെ ഇസ്ലാമിക ആചാര സമ്പ്രദായങ്ങൾക്കും സാഹചര്യങ്ങൾക്കും വേണ്ടി സൃഷ്ടിക്കപ്പെട്ടത്‌ എന്നതിലുപരി മുസ്ലിംകൾ വസിച്ചിരുന്നതോ വസിക്കുന്നതോ ആയ നാട്ടിന്റെ പരിണതിയിലാണ്‌ ഇസ്ലാമിക കല. ഇതിന്റെ ഇന്നത്തെ ദൗർലഭ്യതക്ക്‌ കാരണം മനുഷ്യനിലെ ആധ്യാത്മിക ബോധത്തിന്റെ അപര്യാപ്തത്തയാണ്‌.

അധ്യായം ഒന്ന്-രചനയുടെ അകവും പുറവും

രചനയുടെ അകവും പുറവും

തനിമ തുളുമ്പുന്ന നാഗരികതയുടെ ഏറ്റവും ലഘുതരങ്ങളായ സംവിധാനങ്ങളാണ്‌ കലാരൂപങ്ങൾ. സങ്കര സംസ്കാരങ്ങളുടെ കണ്ണാടിയെന്ന്‌ പലരും വിശേഷിപ്പിക്കുന്ന ഇത്‌ വസ്തുക്കളുടെ ഒരനുപമ ശ്രേണിയെയാണ്‌ ദ്രഷ്ടാക്കൾക്കു മുമ്പിൽ കാണിക്ക വെക്കുന്നത്‌. അഥവാ ഹ്രസ്വതയിലെ വാചാലത തരളിതമാവുകയാണിവിടെ. ഒരു സാക്ഷാൽ കലാകാരന്റെ മനോഗതങ്ങളാവട്ടെ, സംവേദനത്തിന്റെ നൂതന മുഖങ്ങൾ സാധിച്ചെടുക്കലാണ്‌. അതിനാൽ ഭാവാത്മകവും കലാപരവുമായ സമീപനങ്ങളായിരിക്കും ഈ വൃത്തത്തിൽ പ്രക്ഷുബ്ധതയുടെ ഹേതുക്കൾ.

സമൂഹത്തിന്റെ മൂല്യങ്ങളുടെ ബഹിർസ്ഫുരണമെന്നതിലുപരി ഒരാധ്യാത്മിക ധാരയാണ്‌ ഇസ്ലാമിക കല. സുകൃതത്വരയും മേധാശക്തിയുമാണ്‌ ഇതിന്‌ വഴിമരുന്നിടുന്നത്‌. മനുഷ്യന്റെ ജന്മസിദ്ധമായ സൗന്ദര്യവാസന പവിത്രീകരിക്കപ്പെടുന്നതിലൂടെ ആ ദൃശ്യസ്വാധീനത്തിന്റെ മേലാധികാരമാണിവിടെ. ശ്രവണത്തിലും ദർശനത്തിലും ഊഹത്തിലുമുള്ള ഈ സ്വാധീന സാക്ഷാൽക്കാരമാണ്‌ ഓരോ കലകളെയും ഇസ്ലാമീകരിക്കുന്നത്‌. ദൃഷ്ടിയിൽ ചേതോഹരമായ എന്തിനെയും പുണരാനുള്ള മനുഷ്യന്റെ ജന്മസിദ്ധമായ തൃഷ്ണയുടെ അംഗീകാരവും ന്യായീകരണവുമാണിവിടെ സുവിദിതമാകുന്നത്‌.

ഭൂമിയിലെ ഓരോ അസ്തിത്വത്തിനും അതേപോലെ അന്തഃസ്ഥിതവും ഉപരിപ്ലവവുമായ ഒരു കലാരൂപമുണ്ട്‌. ഇതര ഉണ്മകളിലേക്ക്‌ ചേർത്തിരിക്കുമ്പോൾ അതായിരിക്കും ദൃശ്യഭംഗിയിൽ മികച്ചുനിൽക്കുന്നത്‌. അനിർണിതവും അനിർവചനീയവുമായ ഈ സൗകുമാര്യ പ്രദർശനത്തിന്റെ താരള്യം നുകരാനുള്ള മനുഷ്യന്റെ ഉൽക്കടമോഹമാണ്‌ ഇതിനെ പുറത്തുകൊണ്ടുവരുന്നത്‌. സൗന്ദര്യാസ്വാദനത്തിന്റെയും പുതിയ പ്രതീകങ്ങൾ സൃഷ്ടിക്കപ്പെടുന്നതിന്റെയും ഈ ജ്വരം കത്തിപ്പടരുമ്പോൾ അത്‌ സർവരഹസ്യങ്ങളുടെയും നികേതമായ ആധ്യാത്മികയുടെ കവാടങ്ങളിൽ മുട്ടാൻ നിർബന്ധിതമാകുന്നു. അങ്ങനെയാണ്‌ കലാരൂപങ്ങളുടെയും സൗന്ദര്യത്തിന്റെയും പാരമ്യതയിൽ മനുഷ്യൻ ദൈവത്തെ കണ്ടെത്തുന്നത്‌. സുപ്രസിദ്ധ യവന ദാർശനികൻ പ്ലാറ്റോയുടെ വീക്ഷണത്തിൽ പ്രപഞ്ചത്തിൽ ഇന്ദ്രിയങ്ങൾക്കു ഗോചരമായ സർവ സൗന്ദര്യ രൂപങ്ങളും പരമമായ സൗന്ദര്യത്തി(അയ​‍്ഹൗലേ ആ​‍ൗലമ​‍്യേ)ന്റെ പ്രതിഛായ മാത്രമാണത്രെ. അഥവാ, ഈശ്വര സാന്നിധ്യം പോലുള്ള ഒരു അപൂർണതയിൽ വിലയിക്കാനുള്ള വ്യഗ്രതയിലാണ്‌ ഓരോ കലാരൂപവും. ബേഗോവിച്ച്‌ ഉദ്ധരിച്ച പോലെ കലകൾ സൃഷ്ടികളെന്ന നിലയിൽ, വിശിഷ്യാ കവിത ഒരസ്തിത്വ മാർഗമെന്ന നിലയിൽ പുണ്യത്തിന്‌ പകരമാകാനാണ്‌ വെമ്പുന്നത്‌. അതൊരു ജ്ഞാനമെന്ന നിലക്ക്‌ അഥവാ രീതിയെന്ന നിലക്ക്‌, അല്ലെങ്കിൽ രണ്ടും ഒരേ കാലത്ത്‌, മനുഷ്യാവസ്ഥയിൽ നിന്ന്‌ മനുഷ്യനെ ഉയർത്തുന്നു. അങ്ങനെ അതൊരു വിശുദ്ധ കർമമായി മാറുന്നു (ഗായിറ്റാൻപിക്കാൻ). കലാലോകത്തെ ഏത്‌ കൈവഴികളെടുത്താലും അവസ്ഥ ഇതുതന്നെയാണ്‌. കവിതയും സാഹിത്യവും വാസ്തുശിൽപവും പ്രസൂന നഗരികളും കാലിഗ്രാഫിയും എല്ലാം ഒരു അഭൗതികതയുടെ സ്പർശനമുള്ളതായി അനുഭവപ്പെടുന്നു. ഇവിടെ, കവിത അതിന്ദ്രീയ ജ്ഞാനമാണ്‌. അത്‌ ഗതകാലത്തിന്റെ നിർവൃതി അടുത്തറിയാനുള്ള മാധ്യമമാണ്‌. ചൈതന്യവും യാഥാർഥ്യവും തമ്മിലുള്ള സമ്പർക്കത്തിന്റെ ഫലമായി ഇതിൽ കാര്യകർതൃത്വം നടത്തുന്നത്‌ ഏക ചക്രാധിപതിയാണ്‌ തുടങ്ങിയ നിർവചനങ്ങൾ പ്രസക്തമാകുന്നത്‌. സത്യത്തിൽ കലയുടെയും മതത്തിന്റെയും അടിവേരുകളിൽ പ്രാക്തനമായി കിടക്കുന്ന ഐക്യത്തിന്റെ നാനാരൂപങ്ങളാണിവയെല്ലാം. ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ ദാർശനിക ചിന്തകളിലൂടെത്തന്നെ അവയെക്കുറിച്ച സൊ‍ാചനകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്‌.

മുസ്ലിംകളെ സംബന്ധിച്ചിടത്തോളം കല ജഗന്നിയന്താവും സർവവ്യാപിയും നിസ്തുലനും സർവജ്ഞാനിയുയമായ അല്ലാഹുവുമായി പിണഞ്ഞുകിടക്കുന്നതാണ്‌. കാരണം, ഭൗമലോകത്തെ അടക്കവും അനക്കവും അവന്റെ ഇംഗിതത്തിന്‌ അനുയുക്തമായാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. ഇവിടെ അവന്റെ അസ്തിത്വത്തിനോ സൗന്ദര്യ പ്രദർശനത്തിനോ വിഘാതമാവുംവിധം ഒരു രൂപവും ശൈലിയും ഉയിരെടുക്കാവതല്ല. അതിനാലാണ്‌ ഇസ്ലാമിക ദൃഷ്ട്യാ വിഗ്രഹ നിർമാണം അവിശുദ്ധവും നിഷിദ്ധവുമായി വിധിയെഴുതപ്പെട്ടത്‌. അല്ലെങ്കിൽ സൗന്ദര്യം ഇഷ്ടപ്പെടുന്ന ദൈവത്തിനു മുമ്പിൽ വെല്ലുവിളിയുടെ ശബ്ദവുമായി ഒരു ശിലാരൂപം തലയുയർത്തി നിൽക്കുകയെന്നത്‌ അറുപിന്തിരിപ്പനും ചിന്തകൾക്ക്‌ ദഹിക്കാത്തതുമാണ്‌. അങ്ങനെയാണ്‌ ഇസ്ലാമിക കലയിൽ മതബോധത്തിന്റെ ഉഗ്ര നിർദർശനങ്ങളായ പല രൂപങ്ങളും ജന്മമെടുക്കുന്നത്‌. ക്ഷേത്രഗണിത രൂപങ്ങൾ, അരബെസ്ഖ്‌, പുഷ്പാലങ്കാരം, എഴുത്തുകല തുടങ്ങിയവ പ്രധാനപ്പെട്ട ചില ആവിഷ്കാര രൂപങ്ങൾ മാത്രം

വൃഥാ, സൃഷ്ടികൾപിക്കപ്പെടുന്ന ശിലാരൂപങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിൽ ഇസ്ലാമിന്‌ വ്യക്തമായ കാഴ്ചപ്പാടുണ്ട്‌. വിശിഷ്യാ കലകളുടെ ആത്മാവുതന്നെ. വ്യക്തവും നിശ്ചിതവുമായ മാനങ്ങൾ കണ്ടുകൊണ്ടാണ്‌ ഇസ്ലാം ഓരോ കലാരൂപങ്ങളെയും സമീപിക്കുന്നത്‌. ഇസ്ലാമിക കലാദർശനത്തിന്റെ കൃത്യതയാണിത്‌. ഈ ദർശനം എവിടെയായാലും ചില സിദ്ധാന്തങ്ങളുമായി ബന്ധപ്പെട്ടിരിക്കണമെന്നാണ്‌ പണ്ഡിതമതം. ശങ്കയുടെ സാമീപ്യം പോലും അറിയാത്ത ഏകദൈവത്വം (തൗഹീദ്‌) ആണിവിടെ സിദ്ധാന്ത സത്ത. ഇതിന്‌ നിരക്കാത്ത ഒരു ശൈലിയും ഇസ്ലാമിക കലാദർശനത്തിനു മുമ്പിൽ വിലപ്പോവില്ല. വ്യക്തമായി പറഞ്ഞാൽ കലകളുടെ ലിഖിതശൈലിയും രൂപശൂന്യ(ചീ​‍ി ളശഴീ​‍ൗ​‍ൃമഹ)തയും എന്നും അടിസ്ഥാനമായിത്തന്നെ ശേഷിക്കുന്നു. കാലികമായ പരിവർത്തനങ്ങളോ ഇളക്കങ്ങളോ അതിന്‌ ഏശുന്നു തന്നെയില്ല.

മനുഷ്യഹൃദയങ്ങളുടെ ഏകീകരണമാണ്‌ യഥാർഥത്തിൽ ഒരു കലാരൂപം നിർവഹിക്കുന്നത്‌. വിവിധവും വിരുദ്ധവുമായ വീക്ഷണകോണുകളിലുള്ളവരിൽ അത്‌ ഏകതാബോധവും സ്വരച്ചേർച്ച(ഒമൃ​‍ാ​‍ീ​‍ി​‍്യ)യും ഉളവാക്കുന്നു. എന്നാൽ, പാറക്കല്ലുകളിൽ ഉത്ഭവം കൊള്ളുന്ന പ്രതിമകൾ മനുഷ്യനെ അന്യവൽക്കരിക്കുകയാണ്‌. വിഭാഗീയതയുടെയും വിഭജനബോധവുമാണിത്‌ സമ്മാനിക്കുന്നത്‌. ദൈവത്വത്തിന്റെ നേരിയ സാധ്യതകൾ നിക്ഷേപിച്ച ഈ രീതികൾ സത്യത്തിൽ കലക്ക്‌ പവിത്രതയുടെ നവീനമാനം നൽകുകയായിരുന്നു. തുടർന്നങ്ങോട്ടുള്ള അഭൂതപൂർവമായ വളർച്ചയാണണ്‌ പ്രാപഞ്ചിക രഹസ്യങ്ങളിലേക്കുള്ള കിളിവാതിലായി വരെ ഇസ്ലാമിക കലയെ എത്തിച്ചിരിക്കുന്നത്‌.
ഇതര ദർശന കലകളെപ്പോലെ ഉപരിപ്ലവമോടി എന്നതിലുപരി ചില പ്രത്യേക ദൗത്യങ്ങളും ധർമങ്ങളുമുണ്ട്‌ ഇസ്ലാമിക കലക്ക്‌. നിയമനിഷ്ഠമായ അവരുടെ സാക്ഷാൽക്കാരമാണ്‌ ഇസ്ലാമിക വീക്ഷണങ്ങളെ യാഥാർഥ്യവൽക്കരിക്കുന്നത്‌. അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തിൽ കരുണാദിവികാരങ്ങൾ ഉദ്ദേ‍ീപിപ്പിച്ചുകൊണ്ട്‌ മനുഷ്യമനസ്സുകളെ ചീത്ത വികാരങ്ങളിൽ നിന്ന്‌ കര കയറ്റുകയാണ്‌ കലാസൃഷ്ടികളുടെ ധർമം. റോമൻ തത്ത്വചിന്തകൻ ലോഞ്ചയിനസിന്റെ അഭിപ്രായത്തിലും ഉദാത്തമായ ചിന്തകളെ ഇളക്കിവിടുന്നതാണ്‌ കല (ഇസ്ലാം വിജ്ഞാന കോശം). ഇസ്ലാമിക വീക്ഷണത്തിൽ നോക്കുമ്പോഴും ഈ സമീപനം വിരുദ്ധമൊന്നുമല്ല. ദൈവാസ്തിത്വത്തിന്‌ വിലങ്ങാത്ത വിധം ഹൃദയത്തിൽ ദൈവസ്മരണയും ലക്ഷ്യബോധവും സൽകർമ വാഞ്ചയും സൃഷ്ടിക്കുന്നതായിരിക്കണമെന്നാണ്‌ ആധ്യാത്മികജ്ഞാനികൾ പറയുന്നത്‌. കാലിഗ്രാഫിയും അറബെസ്കും നിറഞ്ഞുനിൽക്കുന്ന വാസ്തുശിൽപങ്ങളാണ്‌ ഇതിനുദാഹരണം.

കല കലക്കു വേണ്ടിയെന്ന ഉത്തരാധുനിക മോട്ടോകൾക്കോ വാദഗതികൾക്കോ ഇവിടെ ഒരു സ്ഥാനവുമില്ല. കാരണം ഇസ്ലാമിക കല മതത്തിന്റെ ഭാഗമാണ്‌. മതാധ്യാപനങ്ങളും മിതമായ ഗുണദോഷങ്ങങ്ങളുമാണ്‌ അതിലെ പ്രമേയങ്ങൾ. ഇവിടെ ദൈവപ്രീതിയാഗ്രഹിച്ച്‌ മുന്നിട്ടിറങ്ങുന്നവൻ പ്രതിഫലാർഹൻ കൂടിയാണ്‌. അതേസമയം മുസ്ലിം ലോകത്ത്‌ പിറവിയെടുക്കുന്ന എല്ലാ കലാരൂപങ്ങളും ആധ്യാത്മിക ലഹരിയിൽ മുങ്ങിനിൽക്കണമെന്നില്ല. പകരം മനുഷ്യഹൃദയങ്ങളിൽ അവിശുദ്ധ വികാരങ്ങളുടെ ഇക്കിളി വരുത്താതിരുന്നാൽ മതി.
ഇസ്ലാമിക കലയിൽ പ്രകൃതിയുടെ ഇടപെടലുകൾ ധാരാളമാണ്‌. അത്രമാത്രം പ്രകൃതിയുമായി ബന്ധപ്പെട്ടുകിടക്കുന്ന ഇസ്ലാമിന്‌ ഈ അടുപ്പം കുറച്ചുകാണിക്കുക സാധ്യമല്ല. കലയുടെ പരമോന്നത രൂപങ്ങളായ സൂര്യൻ, ചന്ദ്രൻ, സസ്യലതാദികൾ, ജലസംഭരണികൾ, പുഷ്പങ്ങൾ തുടങ്ങിയവയെല്ലാം നാഥന്റെ കലാശൈലികളാണ്‌. അതിലെ മർമരങ്ങളും ചലനവ്യതിയാനങ്ങളും സ്വൂഫികളെ ദൈവസ്മരണയിൽ തളച്ചിടാൻ പര്യാപ്തവുമാണ്‌. ഇതിൽ നിന്ന്‌ ആശയമുൾക്കൊണ്ടായിരുന്നു പിൽക്കാല വാസ്തുശിൽപികൾ തങ്ങളുടെ ഭാവന മെനഞ്ഞിരുന്നത്‌. മനുഷ്യൻ, പ്രകൃതി, ദൈവം എന്നിവക്കിടയിലെ ബന്ധങ്ങൾ വിവിധ രൂപത്തിലും ഭാവങ്ങളിലുമായി ചിത്രീകരിക്കപ്പെടുകയായിരുന്നു ഇവിടെ.ആത്മികതയുമായി ബന്ധപ്പെട്ട്‌ പിൽക്കാലത്തുവന്ന വർണ സംവിധാനം കലാരൂപങ്ങൽക്ക്‌ മാറ്റു കൂട്ടി. നിർണിതമായ അവയുടെ സ്ഥല-കാല-സമയ-സംസ്കാര ഭാഷാവിവരങ്ങളും ദ്രഷ്ടാവിനു മുമ്പിൽ വാതായനങ്ങൾ തുറന്നു. അതുകൊണ്ടുതന്നെ ഒരു വ്യർറ്റ്‌ഹ്ഹ ഒട്ടപ്രദക്ഷിണമെന്നതിലുപരി ഇസ്ലാമിക കലയിൽ ഗഹനമായ ജ്ഞാനമാണ്‌ ആവശ്യം. ഇവിടെ തെറ്റിദ്ധാരണകളുമായി നിൽക്കുന്ന അമേരിക്കക്കാരനായാൽ തന്നെ ലോസ്‌ ആഞ്ചലസിലെ വിഖ്യാത ആർട്ട്‌ മ്യൂസിയം സന്ദർശിക്കേണ്ടിയിരിക്കുന്നു.

കാലാന്തരങ്ങളിൽ മികച്ചുനിന്ന ഇസ്ലാമിക കലാശൈലി എന്തുകൊണ്ടും ശ്രദ്ധേയം തന്നെ. ഏകതയുടെ തനിമയുറ്റ രൂപങ്ങളാണ്‌ എല്ലായിടത്തും നിരന്നുകിടക്കുന്നത്‌. നോർത്താഫ്രിക്കയുടെ അങ്ങേ അതിർത്തി മുതൽ സൗത്ത്‌ ഈസ്റ്റ്‌ ഏഷ്യയുടെ ഇങ്ങേ തല വരെ വ്യാപിച്ചുകിടക്കുന്ന ഓരോ രൂപങ്ങളും ഇതിന്റെ നിദർശനങ്ങളാണ്‌. മൊറോക്കോയിലെ ഫാസിലും ഇന്തോനേഷ്യയിലെ ജക്കാർത്തയിലും വ്യത്യസ്ത കാലങ്ങളിലായി ഉയർന്നുവന്ന പള്ളികൾ ആകാശത്തിൽ ഏകതയെയാണ്‌ പ്രതിനിധീകരിക്കുന്നത്‌. ശീറാസിലെ പള്ളി കണ്ടാലും ഡമസ്കസിലെ സാധനാമഠങ്ങൾ കണ്ടാലും ഒരേ വികാരമാണ്‌ ദ്രഷ്ടാവിൽ തരളിതമാകുന്നത്‌. ആഗ്രയിലെ താജ്മഹലിലും കൊർദോവയിലെ വലിയ പള്ളിയിലും അതേ സാന്നിധ്യം തന്നെയാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. സത്യത്തിൽ ഇസ്ലാമിക വാസ്തുശിൽപിക്ക്‌ ചോദനമാകുന്ന ദർശനത്തിന്റെ ഏകത്വമാണിവിടെ ഇസ്ലാമിന്റെ തനിമയാർന്ന ശൈലികൾ അംഗീകരിക്കപ്പെടുന്നതിന്റെ എളിയോദാഹരണം.

ചുരുക്കത്തിൽ, സാംസ്കാരികതലങ്ങളിൽ നിന്ന്‌ തുടങ്ങി ദൈവത്തിലേക്ക്‌ വഴി നടത്തുന്ന ഒരുത്തമ രൂപമാണ്‌ ഇസ്ലാമിക കല (ഠ.ആ. കൃംശിഴഠവള രീ​‍ി​‍്ശയൗശ്​‍ി ​‍ീള കഹെമാ). ബേഗോവിച്ചിന്റെ ഭാഷയിൽ ആന്തരിക ലോകത്തിന്റെ യാഥാർഥ്യമാണ്‌, ബാഹ്യലോകത്തിന്റെ വസ്തുതകളല്ല കല. അതിനാലാണ്‌ കപട കലയും യഥാർഥ കലയും തമ്മിലുള്ള വേർതിരിവ്‌ നമുക്ക്‌ ഗ്രഹിച്ചെടുക്കാൻ കഴിയുന്നത്‌ (ഇസ്ലാം രാജമാർഗം).

ഇസ്ലാമിക കല -സൌന്ദര്യവും ആസ്വാദനവും -മോയിന്‍ മലയമ്മ

ഇസ്ലാമില്‍ കലയുടെ സ്ഥാനം, ആത്മാവ്, പരിഗണന, ചരിത്രം, വിശ്വാസം, ആത്മീയത എന്നിവയെ അടിസ്ഥാനമാക്കി ഒരു പഠനം- ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്ന ലേഖന പരന്പര

ഇസ്ലാമിക കല -സൌന്ദര്യവും ആസ്വാദനവും
മോയിന്‍ മലയമ്മ